31, July, 2026
Updated on 31, July, 2026 4
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ കുടിയേറ്റ നിയമ വിദഗ്ധന്‍ സുരജ് രാജ് സിങ്ങിനെതിരെ വ്യാജ അഭയാര്‍ഥി അപേക്ഷകള്‍ സമര്‍പ്പിച്ചെന്നാരോപിച്ച് നാലു കോടിയിലേറെ രൂപയുടെ (4.7 ലക്ഷം ഡോളറിലധികം) സിവില്‍ പിഴ ചുമത്താന്‍ നടപടി തുടങ്ങി. അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പും ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റും ചേര്‍ന്നാണ് നടപടി ആരംഭിച്ചത്. പ്രധാനമായും ഇന്ത്യന്‍ വംശജര്‍ക്കായി കുടിയേറ്റ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന അഭിഭാഷകനാണ് സുരജ് രാജ് സിങ്.
അഭയാര്‍ഥി അപേക്ഷകളില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് അധികൃതരുടെ ആരോപണം. 54 കുടിയേറ്റ കേസുകളിലായി 118 വ്യാജ രേഖകള്‍ തയാറാക്കി സമര്‍പ്പിച്ചെന്നാണ് ഐസിഇയുടെ ആരോപണം. വിവിധ അപേക്ഷകരുടെ ഹര്‍ജികളില്‍ ഒരേ ഭാഷയും ഒരേ വിവരണവും ഒരേ വസ്തുതകളും ഉപയോഗിച്ചതായും, പീഡനത്തിന്റെ വിവരങ്ങള്‍ പോലും കോപ്പി-പേസ്റ്റ് ചെയ്തതുപോലെയാണെന്നും അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നു.ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സുരജ് രാജ് സിങ്ങിനെതിരെ പരമാവധി 4,70,584 ഡോളര്‍ (ഏകദേശം നാലു കോടിയിലധികം രൂപ) സിവില്‍ പിഴ ഈടാക്കാനാണ് ഐസിഇ ശ്രമിക്കുന്നത്. 2026 മേയില്‍ ട്രംപ് ഭരണകൂടം വ്യാജ അഭയാര്‍ഥി അപേക്ഷകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നല്‍കിയ നിര്‍ദേശത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു.ഇത്തരം കുടിയേറ്റ രേഖാ തട്ടിപ്പുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ക്കെതിരെ പിഴ ചുമത്താന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് സ്വീകരിക്കുന്ന രണ്ടാമത്തെ പ്രധാന നടപടിയാണിത്. നേരത്തെ 2026 ജൂണില്‍ മറ്റൊരു ഇന്ത്യന്‍ വംശജനായ കുടിയേറ്റ അഭിഭാഷകന്‍ വിനോദ് ഡൊഡ്ഡമണിക്കെതിരെ വ്യാജ അഭയാര്‍ഥി അപേക്ഷകള്‍ സമര്‍പ്പിച്ചെന്നാരോപിച്ച് 2.55 ലക്ഷം ഡോളറിലധികം പിഴ ചുമത്തുന്നതിനുള്ള നോട്ടീസ് നല്‍കിയിരുന്നു.സുരജ് രാജ് സിങ്ങിനെതിരായ ആരോപണങ്ങളില്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും അന്തിമ തീരുമാനം ബന്ധപ്പെട്ട അധികൃതര്‍ പിന്നീട് കൈക്കൊള്ളുമെന്നും അധികൃതര്‍ അറിയിച്ചു. വ്യാജ അഭയാര്‍ഥി അപേക്ഷകള്‍ അമേരിക്കയുടെ കുടിയേറ്റ സംവിധാനത്തിന്റെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുകയും പൊതുസുരക്ഷയെ ബാധിക്കുകയും അപകടകാരികളായ നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്തുന്ന നടപടികള്‍ വൈകിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഡി.എച്ച്.എസ് ജനറല്‍ കൗണ്‍സല്‍ ജെയിംസ് പെര്‍സിവല്‍ വ്യക്തമാക്കി.