പളനി ക്ഷേത്രത്തിന്റെ 100 കോടിയുടെ ഭൂമി വെറും 2 കോടിക്ക് വിൽപ്പന നടത്തി ; വൻ തട്ടിപ്പ് കണ്ടെത്തി സിബി-സിഐഡി


29, July, 2026
Updated on 29, July, 2026 1



ചെന്നൈ : പളനി മുരുകൻ ക്ഷേത്രത്തിന് കീഴിലുള്ള ദണ്ഡപാണി സ്വാമികൾ മഠത്തിന് സ്വന്തമായ 100 കോടി രൂപ വിപണിമൂല്യമുള്ള ഭൂമി വ്യാജരേഖകൾ നിർമ്മിച്ച് വെറും രണ്ട് കോടി രൂപയ്ക്ക് തട്ടിയെടുത്ത കേസിൽ മൂന്ന് പേരെ സിബി-സിഐഡി അറസ്റ്റ് ചെയ്തു. വില്ലുപുരം സ്വദേശിയും ട്രസ്റ്റ് ഭാരവാഹിയുമായ മുരുകദാസ് (56), സ്ഥലം വാങ്ങിയ തിരുപ്പൂർ ഉഡുമൽപേട്ട് സ്വദേശി വെള്ളത്തുറൈ (60), നിയമവിരുദ്ധ ഇടപാടിന് ഇടനില നിന്ന പളനിയിലെ അഭിഭാഷകൻ അൻവർദീൻ (65) എന്നിവരാണ് ബുധനാഴ്ച രാവിലെ പിടിയിലായത്. ക്ഷേത്രത്തിന്റെ അടിവാരത്തിൽ സ്ഥിതി ചെയ്യുന്നതും നിലവിൽ ഭക്തരുടെ സൗജന്യ വാഹന പാർക്കിംഗിനായി ഉപയോഗിച്ചുവരുന്നതുമായ 1.4 ഏക്കർ തന്ത്രപ്രധാനമായ ഭൂമിയാണ് പ്രതികൾ കൈക്കലാക്കാൻ ശ്രമിച്ചത്. 


1888-ലെ ശാശ്വത ധർമ്മ ആധാരം പ്രകാരം ആത്മീയ- ജീവകാരുണ്യ ആവശ്യങ്ങൾക്ക് മാത്രം നീക്കിവെച്ചിട്ടുള്ളതും യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാനോ വിൽക്കാനോ പാടില്ലാത്തതുമായ ഈ ഭൂമി, ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന്റെ രേഖാമൂലമുള്ള കടുത്ത എതിർപ്പ് മറികടന്നാണ് ഇക്കഴിഞ്ഞ ജൂലൈ 6-ന് ക്രമക്കേടിലൂടെ രജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മുൻപത്തെ പളനി ജോയിന്റ് സബ് രജിസ്ട്രാർ ജസ്റ്റിൻ മാണിക്യൻ, ജില്ലാ രജിസ്ട്രാർ ശശികല എന്നിവരെ തമിഴ്‌നാട് സർക്കാർ നേരത്തെ തന്നെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനുപുറമേ, ക്രമക്കേടിലൂടെ ഉണ്ടാക്കിയ വിൽപ്പന ആധാരം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പൂർണ്ണമായും റദ്ദാക്കുകയും ചെയ്തു. വൻകിട ഭൂമാഫിയയും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെട്ട ഈ തട്ടിപ്പ് വലിയ ഭക്തജന പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ വാഗ്വാദങ്ങൾക്കും വഴിവെച്ചതിനെ തുടർന്നാണ് ജൂലൈ 15-ന് അന്വേഷണം തമിഴ്‌നാട് പോലീസ് ഡിജിപി സിബി-സിഐഡിക്ക് കൈമാറിയത്. 


സിബി-സിഐഡി എസ്.പി ബി. എച്ച്. സജിത, ഡി.എസ്.പി അജയ് തങ്കം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മുൻ ക്ഷേത്ര ജോയിന്റ് കമ്മീഷണർ, വിരമിച്ച തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങി എൺപതിലധികം ആളുകളെ ചോദ്യം ചെയ്തു കഴിഞ്ഞു. പിടിയിലായ മൂന്ന് പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.




Feedback and suggestions