26, July, 2026
Updated on 26, July, 2026 5
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ജന്തർ മന്തറിലെ സമരം അവസാനിപ്പിച്ചതിന് പിന്നാലെ ഡൽഹി നഗരഹൃദയത്തിൽ വ്യാപക ശുചീകരണ-നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ. ആഴ്ചകളോളം പതിനായിരക്കണക്കിന് വിദ്യാർത്ഥികളും പ്രക്ഷോഭകരും ക്യാമ്പ് ചെയ്ത ജന്തർ മന്തറും പരിസര പ്രദേശങ്ങളും പൂർവ്വസ്ഥിതിയിലാക്കാൻ അഞ്ഞൂറിലധികം ശുചീകരണ തൊഴിലാളികളെയാണ് നഗരസഭ അടിയന്തരമായി രംഗത്തിറക്കിയിരിക്കുന്നത്. ശനിയാഴ്ച രാത്രി വൈകി സമരം ഔദ്യോഗികമായി പിൻവലിച്ച് പ്രക്ഷോഭകർ ഒഴിഞ്ഞുപോയതോടെ അർദ്ധരാത്രി രണ്ട് മണിയോടെ തന്നെ യന്ത്രസാമഗ്രികളുമായി എൻഡിഎംസി ജീവനക്കാർ ശുചീകരണ ദൗത്യം ആരംഭിക്കുകയായിരുന്നു.
സമരസ്ഥലത്തുനിന്നും സമീപത്തെ റോഡുകളിൽ നിന്നുമായി ഏകദേശം 60 മെട്രിക് ടണ്ണോളം മാലിന്യം നീക്കം ചെയ്യേണ്ടി വരുമെന്നാണ് എൻഡിഎംസി അധികൃതർ വ്യക്തമാക്കുന്നത്. ഞായറാഴ്ച രാവിലെയോടെ തന്നെ 52 ടണ്ണിലധികം മാലിന്യങ്ങൾ നീക്കം ചെയ്തുകഴിഞ്ഞു. ജന്തർ മന്തറിന് പുറമെ ടോൾസ്റ്റോയ് മാർഗ്, സംസദ് മാർഗ്, ജയ് സിംഗ് മാർഗ്, കനോട്ട് പ്ലേസ് തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായി മാലിന്യങ്ങൾ കുന്നുകൂടികിടന്നത്. മാലിന്യ നീക്കം വേഗത്തിലാക്കാൻ എട്ട് ഓട്ടോ ടിപ്പറുകൾ, രണ്ട് വലിയ ട്രക്കുകൾ, ഒരു എക്‌സ്‌കവേറ്റർ, റോഡ് റോഡുകൾ കഴുകി വൃത്തിയാക്കുന്ന മൂന്ന് വലിയ പ്രഷർ ജെറ്റിംഗ് മെഷീനുകൾ, മെക്കാനിക്കൽ സ്വീപ്പറുകൾ എന്നിവയാണ് എൻഡിഎംസി സംഭവസ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.
കേവലം മാലിന്യങ്ങൾ വാരി മാറ്റുന്നതിൽ ഉപരിയായി പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രദേശത്തുണ്ടായ കേടുപാടുകൾ തീർക്കുന്ന വലിയൊരു നവീകരണ ദൗത്യമാണ് നഗരസഭ ഏറ്റെടുത്തിരിക്കുന്നത്. സമരക്കാർ ചുവരുകളിലും ബാരിക്കേഡുകളിലും എഴുതിവെച്ച സർക്കാരുദ്യോഗസ്ഥർക്കും മന്ത്രിമാർക്കും എതിരെയുള്ള സമരമുദ്രാവാക്യങ്ങൾ വൈറ്റ് വാഷ് ചെയ്ത് മായ്ച്ചു കളയുന്ന ജോലികളും ഊർജ്ജിതമായി നടക്കുന്നുണ്ട്. ഒപ്പം തകർന്ന നടപ്പാതകളും കർബ് സ്റ്റോണുകളും നവീകരിക്കുകയും പുകപടലങ്ങളും മാലിന്യങ്ങളും വീണ് മലിനമായ പൊതുവിടങ്ങൾ ജെറ്റിംഗ് മെഷീൻ ഉപയോഗിച്ച് ഉയർന്ന സമ്മർദ്ദത്തിൽ കഴുകി ശുചീകരിക്കുകയും ചെയ്യുന്നുണ്ട്. എൻഡിഎംസി വൈസ് ചെയർമാൻ കുൽജീത് സിംഗ് ചഹാലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഡൽഹിയെ പൂർവ്വസ്ഥിതിയിലാക്കാനുള്ള ഈ മിന്നൽ ശുചീകരണ പ്രവർത്തനം നടക്കുന്നത്.