ബ്രാംപ്ടൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ജൂൺ 27 മുതൽ

Brampton Sree Guruvayoorappan Temple's Pratishtha Day Festival to begin June 27
15, June, 2025
Updated on 15, June, 2025 24

Brampton Sree Guruvayoorappan Temple's Pratishtha Day Festival to begin June 27

ബ്രാംപ്ടൺ : അതി വിപുലമായ ആചാര, അനുഷ്ഠാന ആഘോഷങ്ങളോടെ പ്രതിഷ്ഠാദിന മഹോത്സവത്തിന് ഒരുങ്ങി ബ്രാംപ്ടൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം. ഇത്തവണത്തെ പ്രതിഷ്ഠാദിനവും ആഘോഷങ്ങളും ജൂൺ 27 മുതൽ ജൂലൈ 1 വരെ നടക്കും. മിഥുന മാസത്തിലെ ഉത്രം നക്ഷത്ര ദിനമായ ജൂലൈ ഒന്നിനാണ് പ്രതിഷ്ഠാദിനം.

ജൂൺ 27 വെള്ളിയാഴ്ച മുതൽ ജൂൺ 28 ശനിയാഴ്ച ഉച്ചവരെ പ്രാസാദ ശുദ്ധി, ബിംബശുദ്ധി, ഗുരുവായൂരപ്പനും ഉപദേവതകൾക്കും കലശ അഭിഷേകം, ഉച്ചയ്ക്ക് ശ്രീഭൂതബലി. ശനിയാഴ്ച വൈകുന്നേരം മുതൽ 4 ദിവസം നീണ്ടു നിൽക്കുന്ന ആചാര-അനുഷ്ടാനങ്ങൾ ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് പുഷപാഭിഷേകവും സഹസ്ര അപ്പം നിവേദ്യവും. ജൂൺ 29 ഞായറാഴ്ച രാവിലെ പൊങ്കാല, പൂമൂടൽ ചടങ്ങ്. ഇത്തവണ ആദ്യമായി ക്ഷേത്ര മൈതാനിയിൽ ഭക്തർക്ക് ഓരോരുത്തർക്കും നേരിട്ട് പൊങ്കാല ഇടാൻ സൗകര്യം ഉണ്ടായിരിക്കും. ഞായർ-തിങ്കൾ-ചൊവ്വ ദിവസങ്ങളിൽ രാവിലെ നവക പഞ്ചഗവ്യ അഭിഷേകങ്ങൾ എന്നിവ ഉണ്ടായിരിക്കും. കൂടാതെ ദിവസവും മൂന്ന് നേരം പഞ്ചാരിമേളത്തോടെ ശീവേലി, വൈകിട്ട് സഹസ്ര ദീപം ചുറ്റുവിളക്ക്, നിറമാല, സന്ധ്യ വേല. പ്രതിഷ്ഠാ ദിനമായ ജൂലൈ ഒന്നിന് (മിഥുനത്തിൽ ഉത്രം നക്ഷത്രം) വിശേഷാൽ പൂജകൾക്കൊപ്പം ഗുരുവായൂരപ്പന് ഇരുപത്തഞ്ചു കലശാഭിഷേകവും ഉപദേവതകൾക്ക്‌ കലശാഭിഷേകവും ഉണ്ടായിരിക്കും.

ആഘോഷ ദിനങ്ങളിലുടനീളം നിത്യേന മൂന്നു നേരം അന്നദാനവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികളും തന്ത്രി കരിയന്നൂർ ദിവാകരൻ നമ്പൂതിരിയും അറിയിച്ചു. പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് കഥകളി, മോഹിനിയാട്ടം, ഭാരതനാട്ട്യം, സംഗീത കച്ചേരി, കൈകൊട്ടിക്കളി, ഭക്തി ഗാനമേള, ഭജന തുടങ്ങിയ കലാ സംകാരിക പരിപാടികളും നടക്കും. പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി നടക്കുന്ന പറയെടുപ്പ് (ഭഗവത് ചൈതന്യം ഭക്തരുടെ ഗൃഹത്തിലെത്തി പറ സ്വീകരിക്കുന്ന ചടങ്ങ്) ഏപ്രിൽ മുതൽ ആരംഭിച്ചു. ജൂൺ 22-നു നടക്കുന്ന പറ സമാപനത്തിനു ശേഷമാണ് ജൂൺ 27 മുതൽ പ്രതിഷ്ഠാദിന ആഘോഷങ്ങൾ ആരംഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് : www.guruvayur.ca.




Feedback and suggestions