സംസ്ഥാനത്ത് മഴക്കെടുതി; ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

Kerala Rain crisis: widespread damage due to strong winds and rain
15, June, 2025
Updated on 15, June, 2025 15

Kerala Rain crisis: widespread damage due to strong winds and rain

സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. എറണാകുളം കാക്കനാട് സംരക്ഷണഭിത്തി തകർന്ന് വീട് അപകടാവസ്ഥയിലായി. തിരുവനന്തപുരത്ത് വീടിന്റെ മേൽക്കൂര തകർന്ന് റോഡിലേക്ക് വീണു. കോഴിക്കോട് മാങ്കാവ് ഇരുനില കെട്ടിടം തകർന്നു വീണു.

ഇന്ന് പുലർച്ചെ 4.30നാണ് കാക്കനാട് കുഴിക്കാല ജങ്ഷനിൽ അപകടമുണ്ടായത്. ഉഗ്രശബ്ദത്തോടെ സംരക്ഷണഭിത്തി തകർന്ന് കാർ പോർച്ച് ഉൾപ്പടെ കെട്ടിടത്തിന് കേടുപാട് ഉണ്ടാകുകയായിരുന്നു. കാക്കനാട് കുഴിക്കാല സ്വദേശി സാജു ജോസഫിന്റെ വീടാണ് അപകടാവസ്ഥയിലായത്. ശക്തമായ മഴപെയ്താൽ വീട് നിലംപൊത്താവുന്ന സ്ഥിതിയിലാണിപ്പോൾ.

തിരുവനന്തപുരം പെരുമാതുറയിലാണ് വീടിന്റെ മേൽക്കൂര തകർന്ന് റോഡിലേക്ക് വീണത്. പെരുമാതുറ സ്വദേശി സീന റഷീദിന്റെ വീടിന്റെ റൂഫ് ഷീറ്റാണ് തകർന്ന് റോഡിൽ വീണത്. അപകടസമയത്ത് റോഡിലൂടെ വാഹനങ്ങൾ കടന്നു പോകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു. ചെറിയ മാങ്കാവിലാണ് കനത്ത മഴയിൽ ഇരുനിലക്കെട്ടിടം തകർന്നു വീണത്. 5 വർഷമായി ഉപയോഗിക്കാതെ കിടന്ന കെട്ടിടമാണിത്. ആളപായമില്ല. കെട്ടിടത്തിന് സമീപം നിർത്തിയിട്ട 13 ഓളം ബൈക്കുകൾക്ക് മുകളിലേക്കാണ് കെട്ടിടം വീണത്. ഇന്നുമുതൽ പതിനേഴാം തീയതിവരെ കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ടാണ്.








Feedback and suggestions