രാഹുൽ ഗാന്ധിയെ ‘കാണാനില്ല’; ഡൽഹിയിൽ വ്യാപകമായി മിസ്സിങ് പോസ്റ്ററുകൾ! വിമർശനവുമായി ബിജെപി


28, June, 2026
Updated on 28, June, 2026 3


ഡൽഹിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ‘കാണാനില്ല’ എന്നാരോപിച്ച് വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് രാഹുൽ ഗാന്ധിയുടെ ചിത്രം സഹിതമുള്ള ‘മിസ്സിങ്’ പോസ്റ്ററുകൾ ജൂൺ 28- ന് രാവിലെ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ, ഈ പോസ്റ്ററുകൾക്ക് പിന്നിൽ ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.രാഹുൽ ഗാന്ധിയുടെ നിരന്തരമായ വിദേശയാത്രകളെ ബിജെപി ശക്തമായി വിമർശിക്കുന്നതിനിടയിലാണ് ഇത്തരമൊരു സംഭവം. ഇതിനുമുമ്പും രാഹുൽ ഗാന്ധിയുടെ വിദേശസന്ദർശനങ്ങളെ പരിഹസിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് അല്ല, പകരം ‘ലീഡർ ഓഫ് പര്യടൻ ആൻഡ് പാർട്ടിയിങ്’ (ടൂറിസത്തിന്റെയും പാർട്ടികളുടെയും നേതാവ്) ആണെന്നാണ് അദ്ദേഹത്തിന്റെ പരിഹാസം.രാജ്യമോ ജനങ്ങളോ പാർലമെന്റോ അല്ല അദ്ദേഹത്തിന്റെ പ്രഥമ പരിഗണനയെന്നും, കോൺഗ്രസിന് പിന്തുണ ആവശ്യമുള്ളപ്പോഴെല്ലാം അദ്ദേഹം വിദേശത്തേക്ക് ഓടിപ്പോകാറുണ്ടെന്നും ഷെഹ്സാദ് പൂനാവാല ആരോപിച്ചു. പാർലമെന്റ് സമ്മേളന കാലയളവിലും രാഹുൽ ഗാന്ധി ഒളിച്ചോടുന്നുവെന്നും, അദ്ദേഹം എപ്പോഴും ഒരു ‘അവധിക്കാല മൂഡിലാണെന്നും’ ബിജെപി വക്താവ് കുറ്റപ്പെടുത്തി. ഈ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ തന്നെയാണോ തലസ്ഥാനത്ത് പോസ്റ്റർ പതിച്ചതെന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്.




Feedback and suggestions