24 ഇന്ത്യൻ നാവികരുമായി പോയിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം ; ഒമാൻ തീരത്ത് വച്ച് നടന്ന ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു


8, June, 2026
Updated on 8, June, 2026 41



മസ്കറ്റ് : പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നതിനിടെ ഒമാൻ തീരത്ത് വെച്ച് എണ്ണക്കപ്പലിന് നേരെ ആക്രമണം. മഡഗാസ്കർ പതാക ഘടിപ്പിച്ച 'എംടി മാരിവെക്സ്' എന്ന ഓയിൽ ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. എന്നാൽ കപ്പലിൽ ഉണ്ടായിരുന്നത് മുഴുവൻ ഇന്ത്യൻ നാവികരായിരുന്നു. ആക്രമണത്തെത്തുടർന്ന് കപ്പലിന് തീപിടിച്ചെങ്കിലും, അതിലുണ്ടായിരുന്ന 24 ഇന്ത്യൻ നാവികരും നിലവിൽ സുരക്ഷിതരാണെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം സ്ഥിരീകരിച്ചു.


ഹോർമുസ് കടലിടുക്കിന് തെക്ക്, ഒമാന്റെ കിഴക്കൻ തീരത്തുവെച്ചാണ് സംഭവം നടന്നത്. ആക്രമണം നടക്കുമ്പോൾ കപ്പൽ ചരക്കുകളൊന്നും ഇല്ലാതെ ഒമാൻ തുറമുഖമായ 'ദുഖ്മി'ലേക്ക് പോവുകയായിരുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 1:30 ഓടെയാണ് കപ്പലിൽ തീപിടുത്തമുണ്ടായതായി റിപ്പോർട്ട് ലഭിച്ചത്. നിലവിൽ കപ്പൽ മസ്കറ്റിന് തെക്കായി നങ്കൂരമിട്ടിരിക്കുകയാണ്. 


നാവികരുടെ സുരക്ഷ പൂർണ്ണമായി ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ നാവികസേന, പ്രതിരോധ മന്ത്രാലയം, ഒമാനിലെ ഇന്ത്യൻ മിഷൻ എന്നിവരുമായി ചേർന്ന് ശക്തമായ ഏകോപനം നടത്തിവരികയാണെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രാലയത്തിലെ ഡയറക്ടർ ഒപേഷ് കുമാർ ശർമ്മ അറിയിച്ചു. താൽക്കാലിക വെടിനിർത്തൽ ധാരണകൾക്ക് പിന്നാലെ ഇസ്രായേലും ഇറാനും തമ്മിൽ വീണ്ടും മിസൈൽ ആക്രമണങ്ങൾ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. ഈ മേഖലയിലെ സമുദ്രവ്യാപാര പാതകളിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്നതാണ് ഇന്ത്യൻ നാവികർ സഞ്ചരിച്ച കപ്പലിനെയും ബാധിച്ചതെന്നാണ് വിലയിരുത്തൽ.




Feedback and suggestions