ട്രംപിന്റെ വാക്ക് കേള്‍ക്കാതെ നെതന്യാഹു, ഇറാനില്‍ ശക്തമായ ആക്രമണം നടത്തി ഇസ്രയേല്‍


8, June, 2026
Updated on 8, June, 2026 4


പശ്ചിമേഷ്യയെ പൂര്‍ണ്ണമായൊരു യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന ഭീതിയുയര്‍ത്തിക്കൊണ്ട്, ഇറാന്റെ സൈനിക താവളങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം. മധ്യ ഇറാനിലെയും പടിഞ്ഞാറന്‍ ഇറാനിലെയും ഇറാനിയന്‍ ഭരണകൂടത്തിന്റെ തന്ത്രപ്രധാനമായ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെയാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ഔദ്യോഗികമായി സ്ഥിരീകരിച്ചു.ടെലിഗ്രാമിലൂടെ പുറത്തുവിട്ട ഹ്രസ്വമായ പ്രസ്താവനയിലാണ് ഇസ്രയേല്‍ സൈന്യം ഈ വിവരം അറിയിച്ചത്. ആക്രമണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിന് പിന്നാലെ, ഇറാന്റെ തലസ്ഥാനമായ ടെഹ്റാന്‍, തബ്രീസ്, ഇസ്ഫഹാന്‍ എന്നീ പ്രധാന നഗരങ്ങളില്‍ ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങളും പ്രാദേശിക ഇറാനിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും മറ്റ് അന്താരാഷ്ട്ര മധ്യസ്ഥരുടെയും ശക്തമായ വിലക്കുകളെയും നയതന്ത്ര സമ്മര്‍ദ്ദങ്ങളെയും പൂര്‍ണ്ണമായി അവഗണിച്ചുകൊണ്ടാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇറാനെതിരെ ഈ പ്രത്യക്ഷ ആക്രമണത്തിന് ഉത്തരവിട്ടത്. ഞായറാഴ്ച ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇസ്രയേലിന് നേരെ ഇറാന്‍ മിസൈല്‍ വര്‍ഷം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ, ഒട്ടും വൈകാതെ തന്നെ തിരിച്ചടിക്കാനാണ് ഇസ്രയേല്‍ തീരുമാനിച്ചത്.


ഇറാന്‍ മിസൈലുകള്‍ തൊടുത്തതിന് പിന്നാലെ ഉടനടി സൈനിക തിരിച്ചടിക്ക് മുതിരരുതെന്നും, നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിതുറക്കാന്‍ തല്‍ക്കാലം മാറിനില്‍ക്കണമെന്നും ഫോണ്‍ കോള്‍ വഴി ട്രംപ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. നെതന്യാഹു ഇതിനോട് തത്വത്തില്‍ സമ്മതിച്ചതായി യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും, ആ ഉറപ്പുകളെല്ലാം കാറ്റില്‍പ്പറത്തിയാണ് ഇപ്പോള്‍ ഇസ്രയേല്‍ വ്യോമസേന ഇറാന്റെ മണ്ണില്‍ നേരിട്ട് ബോംബാക്രമണം നടത്തിയിരിക്കുന്നത്.


ഇതോടെ ഏപ്രില്‍ ആദ്യം നിലവില്‍ വന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ പൂര്‍ണ്ണമായും തകരുകയും, മേഖലയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായ യുദ്ധസാഹചര്യത്തിലേക്ക് വഴിമാറുകയും ചെയ്തിരിക്കുകയാണ്. ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും നാശനഷ്ടങ്ങളുടെ വ്യാപ്തിയും പുറത്തുവരുന്നതേയുള്ളൂ.


ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ശക്തമായി വ്യോമാക്രമണം നടത്തിയിരുന്നു. ലബനനുമായി നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് ഞായറാഴ്ചയാണ് ഇസ്രയേല്‍ ബെയ്‌റൂട്ടില്‍ ബോംബാക്രമണം നടത്തിയത്. ഹിസ്ബുള്ളയുടെ താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം. എന്നാല്‍, ജനവാസ മേഖലയിലുണ്ടായ ഈ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലബനന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.


ഈ ആക്രമണത്തിന് തിരിച്ചടിയായാണ്, ഇസ്രയേല്‍ ലക്ഷ്യമാക്കി ഇറാന്‍ വ്യാപകമായി ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ ആദ്യം നിലവില്‍ വന്ന താല്‍ക്കാലിക വെടിനിര്‍ത്തലിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടാകുന്ന ആദ്യത്തെ വലിയ സൈനിക ഏറ്റുമുട്ടലാണിത്. ഇറാന്റെ ഭാഗത്തുനിന്നും ആദ്യ ഘട്ട മിസൈല്‍ പ്രയോഗത്തിന് പിന്നാലെ രണ്ടാമതൊരു മിസൈല്‍ വര്‍ഷം കൂടി ഉണ്ടായേക്കുമെന്ന് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇറാന്‍ വിട്ട ആദ്യ ഘട്ട മിസൈലുകളെല്ലാം തന്നെ തങ്ങള്‍ വിജയകരമായി തകര്‍ത്തു കളഞ്ഞതായും ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കി. നസ്രത്തിന് സമീപമുള്ള ഇസ്രയേലിന്റെ ‘രമത് ഡേവിഡ്’ വ്യോമസേനാ താവളമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു.ബെയ്‌റൂട്ടിലെ ദഹിയ മേഖലയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് ‘വേദനാജനകമായ’ മറുപടി നല്‍കുമെന്ന് ഇറാനിയന്‍ പാര്‍ലമെന്റ് അംഗം ഇബ്രാഹിം റെസായ് മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇറാന്റെ മിസൈല്‍ പ്രയോഗം. ഇതിന് പിന്നാലെ മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കും ആസ്തികള്‍ക്കും നേരെ ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് ഭീഷണി മുഴക്കി. നിലവിലെ സാഹചര്യത്തില്‍ യു.എസ് താവളങ്ങള്‍ തങ്ങളുടെ ‘നിയമപരമായ ലക്ഷ്യങ്ങളായി’ മാറിയിരിക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇസ്രയേല്‍ ലബനനിലെ ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്നും, ഇനിയും സൈനിക നടപടികളുമായി മുന്നോട്ട് പോയാല്‍ കൂടുതല്‍ ശക്തവും ദയനീയവുമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഐ.ആര്‍.ജി.സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ഇറാഖ് കുര്‍ദിസ്ഥാനിലെ ‘ഭീകര സംഘടനകളുടെ’ ആസ്ഥാനങ്ങള്‍ക്ക് നേരെയും റെവല്യൂഷണറി ഗാര്‍ഡ് ആക്രമണം നടത്തിയതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുലൈമാനിയ മേഖലയിലെ ക്യാമ്പുകളാണ് ഇറാന്‍ ലക്ഷ്യമിട്ടത്. പാശ്ചാത്യ-ഇസ്രയേല്‍ താല്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സായുധ കുര്‍ദിഷ് ഗ്രൂപ്പുകളെ ഭീകര സംഘടനകളായാണ് ഇറാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രിലിലെ വെടിനിര്‍ത്തലിന് ശേഷവും ഈ മേഖലകളില്‍ ഇറാന്‍ നിരന്തരം ആക്രമണം നടത്താറുണ്ടായിരുന്നു.


ഇറാന്റെ മിസൈല്‍ ആക്രമണത്തിന് ഉടനടി തിരിച്ചടി നല്‍കരുതെന്നായിരുന്നു ട്രംപിന്റെ നിലപാട്. ഇക്കാര്യം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെടുകയും ചെയ്തു. ന്യൂജേഴ്സിയിലെ ബെഡ്മിന്‍സ്റ്ററിലുള്ള തന്റെ ഗോള്‍ഫ് ക്ലബ്ബിലിരുന്ന് ട്രംപ്, നെതന്യാഹുവുമായി അരമണിക്കൂറോളം ഫോണില്‍ സംസാരിച്ചു. ഇറാനുമായി ഒരു സമാധാന കരാറിലേക്ക് തങ്ങള്‍ വളരെ അടുത്തുനില്‍ക്കുകയാണെന്നും, അതിനാല്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടത്. നെതന്യാഹു ഇതിനോട് ആദ്യം വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും, തല്‍ക്കാലത്തേക്ക് തിരിച്ചടിയില്‍ നിന്ന് മാറിനില്‍ക്കാമെന്ന് ഒടുവില്‍ ‘അര്‍ദ്ധ സമ്മതം’ മൂടുകയായിരുന്നു എന്ന് മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതിനു പിന്നാലെ തന്നെ ഇറാനില്‍ ആക്രമണം നടത്താന്‍ സൈന്യത്തിന് ഉത്തരവ് കൊടുക്കുകയും ചെയ്തു.ഇറാന്റെ മിസൈല്‍ ആക്രമണത്തെക്കുറിച്ച് ട്രംപ് ഫോക്‌സ് ന്യൂസിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്: ‘ഇത് നിലവിലെ നയതന്ത്ര ചര്‍ച്ചകളെ ഒട്ടും സഹായിക്കാന്‍ പോകുന്നില്ല. എനിക്ക് ഇറാനോട് പറയാനുള്ളത് ഇതാണ്- നിങ്ങള്‍ മിസൈലുകള്‍ അയച്ചു കഴിഞ്ഞു, അത് മതിയാക്കൂ. ഇനി ചര്‍ച്ചകളുടെ മേശയിലേക്ക് തിരിച്ചെത്തി ഒരു കരാറിലെത്താന്‍ നോക്കൂ.’ അതോടൊപ്പം ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ തനിക്ക് ഒട്ടും സന്തോഷമില്ലെന്നും ട്രംപ് തുറന്നുപറഞ്ഞു. യു.എസുമായി ഏതൊരു സമാധാന കരാറിലെത്തുന്നതിനും ലബനനിലെ വെടിനിര്‍ത്തല്‍ അനിവാര്യമാണെന്ന നിലപാടിലാണ് ഇറാന്‍. എന്നാല്‍ ലബനനില്‍ ഇസ്രയേല്‍ അധിനിവേശം തുടരുന്നതും, യു.എസ് മുന്നോട്ട് വെച്ച ട്രൂസ് പ്ലാന്‍ (വെടിനിര്‍ത്തല്‍ പദ്ധതി) ഹിസ്ബുള്ള നിരസിച്ചതും മേഖലയിലെ സമാധാന ശ്രമങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.




Feedback and suggestions