30, May, 2026
Updated on 30, May, 2026 2
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കുമെതിരെ വധശ്രമക്കുറ്റം ചുമത്തി പ്രത്യേക അന്വേഷണ സംഘം. നവകേരള സദസ്സിനിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദിച്ച സംഭവത്തിലാണ് നടപടി. സംഭവത്തിൽ അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച കേസിൽ പ്രതികൾക്ക് വലിയ തിരിച്ചടിയാണ് ഇതോടെ ലഭിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. മർദനമേറ്റ പ്രവർത്തകരുടെ മൊഴികളും സംഭവസ്ഥലത്തുനിന്നുള്ള സി.സി.ടി.വി, മൊബൈൽ ദൃശ്യങ്ങളും ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് സുരക്ഷാ ജീവനക്കാർക്കെതിരെ വധശ്രമത്തിന് (IPC 307 / അനുബന്ധ വകുപ്പുകൾ) കേസെടുക്കാൻ എസ്.ഐ.ടി തീരുമാനിച്ചത്. എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ പുതിയ റിപ്പോർട്ട് നൽകിയത്. പ്രതികൾ കോടതിയിൽ കീഴടങ്ങി ജാമ്യം നേടാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് കടുത്ത വകുപ്പുകൾ ചുമത്തി അന്വേഷണ സംഘം പെട്ടെന്ന് നീങ്ങിയത്.
അന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ലോക്കൽ പൊലീസിന് വളരെ എളുപ്പത്തിൽ നിയന്ത്രിക്കാമായിരുന്ന ഒരു പ്രതിഷേധത്തിനിടെയാണ് മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ലോക്കൽ പൊലീസിനെ മറികടന്ന് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചത് എന്നാണ് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ അന്യായമായി ലാത്തിയും ഇരുമ്പുവടിയും ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത് ഗുരുതരമായ ചട്ടലംഘനവും അധികാര ദുർവിനിയോഗവുമാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കുറ്റക്കാരായ അഞ്ച് പൊലീസുകാരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്ത് ഡി.ജി.പി ഉത്തരവിറക്കിയിരുന്നു.