Kerala rains alert in all districts
13, June, 2025
Updated on 13, June, 2025 34
![]() |
സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുന്നു. അടുത്ത ഒരാഴ്ച വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂണ്‍ 14 -16 തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 12 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 14 മുതല്‍ 16 വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. (Kerala rains alert in all districts)
നാളെ മുതല്‍ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതെയെന്ന് പ്രവചനം. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.
ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. തെക്കന്‍ ചൈന കടലിലെ വുടിപ്പ് ( ണഡഠകജ) ചുഴലിക്കാറ്റിന്റെയും ബംഗാള്‍ ഉള്‍കടലിലെ ചക്രവാതചുഴിയുടെയും സ്വാധീനത്തില്‍ അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണം.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്‍കൂര്‍ പ്രവചന പ്രകാരം ജൂണ്‍ 13 – 19 വരെ സാധാരണ ഈ കാലയളവില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴക്കാണ് സാധ്യത.