ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം 'നിർണ്ണായക'മാണെന്ന് മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായി പ്രതിനിധി തല ചർച്ച


24, May, 2026
Updated on 24, May, 2026 3



ന്യൂഡൽഹി : വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി പ്രതിനിധി തല ചർച്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കേവലം ഒരു മേഖലയിൽ ഒതുങ്ങുന്നതല്ലെന്നും അത് ലോകത്തിലെ ഏറ്റവും നിർണായകമായ ബന്ധങ്ങളിൽ ഒന്നാണെന്നും റൂബിയോ ചർച്ചയിൽ സൂചിപ്പിച്ചു. 4 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അദ്ദേഹം ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽവെച്ചാണ് എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിനകം തന്നെ ശക്തമായ അടിത്തറയുള്ള പങ്കാളിത്തത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്നും റൂബിയോ വ്യക്തമാക്കി.


ചൈനയുടെ പ്രാദേശിക സ്വാധീനത്തെ പ്രതിരോധിക്കാനും ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷ ഉറപ്പാക്കാനും ഇരുരാജ്യങ്ങളും കൈകോർത്ത് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചർച്ചയിൽ വ്യക്തമാക്കി. പശ്ചിമേഷ്യയിലെയും പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കിലെയും സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ അമേരിക്ക വാഗ്ദാനം ചെയ്തു. ഇന്ത്യ ആവശ്യപ്പെടുന്നത്ര ഇന്ധനവും ഊർജ്ജോത്പന്നങ്ങളും നൽകാൻ യുഎസ് തയ്യാറാണെന്ന് റൂബിയോ വ്യക്തമാക്കി. ഒപ്പം ക്രിട്ടിക്കൽ മിനറൽസ് , അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവയിലെ സഹകരണവും ചർച്ചയായി.


​ശനിയാഴ്ച ഇന്ത്യയിലെത്തിയ മാർക്കോ റൂബിയോ ഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക ക്ഷണം മോദിക്ക് കൈമാറിയ റൂബിയോ, ഇറാൻ വിഷയം ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ പ്രതിസന്ധികളിൽ യുഎസിന്റെ നിലപാടുകളും പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

​മേയ് 26-ന് ഡൽഹിയിൽ വെച്ച് നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ നിർണായക സമ്മേളനത്തിലും മാർക്കോ റൂബിയോ പങ്കെടുക്കും.




Feedback and suggestions