21, May, 2026
Updated on 21, May, 2026 1
ബ്രിട്ടൻ: അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ ബ്രിട്ടന്റെ അത്യാധുനിക ചാരവിമാനത്തിന് തൊട്ടരികിലൂടെ അപകടകരമായ രീതിയിൽ പറന്ന് റഷ്യൻ യുദ്ധവിമാനം. കരിങ്കടലിന് മുകളിൽ വച്ചാണ് സംഭവം. തലനാരിഴയ്ക്കാണ് ഇരുവിമാനങ്ങളും തമ്മിൽ കൂട്ടിയിടിക്കുന്നതിൽ നിന്ന് രക്ഷപ്പെട്ടതെന്നും യുകെ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ഏപ്രിൽ മാസത്തിൽ നടന്ന രണ്ട് വ്യത്യസ്ത വ്യോമ സംഭവങ്ങളെ അങ്ങേയറ്റം അപകടകരവും ഒട്ടും അംഗീകരിക്കാൻ കഴിയാത്തതുമായ പെരുമാറ്റം എന്നാണ് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി വിശേഷിപ്പിച്ചത്. നാറ്റോ പട്രോളിംഗിന്റെ ഭാഗമായി നിരീക്ഷണ പറക്കൽ നടത്തുകയായിരുന്ന ആയുധങ്ങളില്ലാത്ത ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ റിവറ്റ് ജോയിന്റ് ചാരവിമാനത്തിന് നേരെയാണ് റഷ്യൻ യുദ്ധവിമാനങ്ങളുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ നീക്കങ്ങളുണ്ടായത്. ഏകദേശം മുപ്പതോളം ജീവനക്കാരുമായി മണിക്കൂറിൽ 500 മൈൽ വേഗതയിൽ പറക്കുകയായിരുന്ന ഈ വിമാനത്തിന്റെ വെറും ആറ് മീറ്റർ മാത്രം അരികിലൂടെയാണ് റഷ്യയുടെ സു 27 യുദ്ധവിമാനം കടന്നുപോയത്. ചാരവിമാനത്തിന്റെ മുൻഭാഗത്തുകൂടി ആറ് തവണയാണ് ഈ റഷ്യൻ വിമാനം വട്ടംചുറ്റി പറന്നത്. ഇരുരാജ്യങ്ങളും തമ്മിൽ വലിയൊരു നയതന്ത്ര പ്രതിസന്ധിക്ക് കാരണമാകുമായിരുന്ന ഒരു വൻ വിമാനാപകടമാണ് അന്ന് തലനാരിഴയ്ക്ക് ഒഴിവായത്.