19, May, 2026
Updated on 19, May, 2026 1
തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിലെത്തിയ തൻ്റെ പ്രിയപ്പെട്ട “സതീശൻ അങ്കിളിനെ” പൂച്ചെണ്ടുമായി കാണാനെത്തിയ ഒൻപതുകാരി വിനോദിനിയുടെ മുഖത്തെ സന്തോഷം സെൻട്രൽ സ്റ്റേഡിയത്തിലെ തിരക്കിനിടയിലും വേറിട്ടു നിന്നു. ചികിത്സാപ്പിഴവിനെ തുടർന്ന് വലതുകൈ നഷ്ടപ്പെടുകയും പിന്നീട് കൃത്രിമക്കൈ ഘടിപ്പിച്ച് ജീവിതത്തിലേക്ക് അതിശക്തമായി തിരികെ നടന്നെത്തുകയും ചെയ്ത പാലക്കാട് പല്ലശ്ശന സ്വദേശിനിയായ വിനോദിനിക്ക് ഇന്നലത്തെ ദിവസം ഒരു വലിയ ആഘോഷമായിരുന്നു. സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിഡി സതീശനെ നേരിൽ കണ്ട് പൂച്ചെണ്ട് നൽകാനും, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി നേരിട്ട് സംസാരിക്കാനും കഴിഞ്ഞ വലിയ ആഹ്ലാദത്തിലാണ് ഈ കുരുന്ന്.സത്യപ്രതിജ്ഞാ ചടങ്ങുകൾ വളരെ മനോഹരമായിരുന്നുവെന്നും വിഐപി പവലിയനിലിരുന്ന എല്ലാവരും തന്റെ അടുത്ത് വന്ന് സംസാരിച്ചുവെന്നും വിനോദിനി ഓർമ്മിക്കുന്നു. എന്നാൽ വിനോദിനിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകിയ നിമിഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയായിരുന്നു. രാഹുൽ അങ്കിൾ തന്റെ പുതിയ കൃത്രിമക്കൈയെക്കുറിച്ച് പ്രത്യേകം ചോദിച്ചറിഞ്ഞുവെന്ന് വിനോദിനി പറയുന്നു. ഈ കൈ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചപ്പോൾ, സതീശൻ അങ്കിളാണ് ഇത് വെച്ചുതന്നതെന്ന് താൻ മറുപടി നൽകി. തുടർന്ന് തന്നെ ചേർത്തുപിടിച്ച രാഹുൽ ഗാന്ധി, കാണാൻ നല്ല ചന്തമുണ്ടല്ലോ (Girl, you look so cute) എന്ന് പറഞ്ഞ് സ്നേഹം പ്രകടിപ്പിച്ചതായും വിനോദിനി ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു.വിനോദിനിയുടെ കുടുംബത്തിന് ഇന്നും വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടരുകയാണ്. ദിവസവേതനക്കാരായ മാതാപിതാക്കൾ ഇപ്പോഴും വാടകവീട്ടിലാണ് താമസം. എങ്കിലും മകൾക്ക് കൃത്രിമക്കൈ ലഭിച്ചതിന് ശേഷം ജീവിതം വലിയ രീതിയിൽ മാറിയെന്ന് ഈ കുടുംബം ഒരേസ്വരത്തിൽ പറയുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ വിനോദിനി സ്കൂളിലേക്ക് മടങ്ങിപ്പോയിരുന്നു. അന്ന് സ്കൂളിലെ സഹപാഠികളും അധ്യാപകരും പൂക്കളുമായി സ്വീകരിച്ച ആ ദിനം പോലെ തന്നെയായിരുന്നു ഇന്നലെയും അവൾക്ക് അനുഭവപ്പെട്ടത്. തങ്ങളുടെ സതീശൻ അങ്കിൾ മുഖ്യമന്ത്രിയായാൽ നേരിട്ട് തിരുവനന്തപുരത്ത് വന്ന് കാണാമെന്ന് പറഞ്ഞിരുന്നുവെന്നും, ആ വാക്കുകൾ ഇന്ന് യാഥാർത്ഥ്യമായതിൽ അതിയായ സന്തോഷമുണ്ടെന്നും അമ്മ പ്രസീത വ്യക്തമാക്കി.