14, May, 2026
Updated on 14, May, 2026 35
'
മോസ്‌കോ : ഇന്ത്യയുമായുള്ള പ്രതിരോധ, സാമ്പത്തിക, ബഹിരാകാശ മേഖലകളിലെ സഹകരണം റഷ്യ കൂടുതൽ ശക്തമാക്കുമെന്ന് വ്യക്തമാക്കി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ്. ബെയ്ജിംഗിലെ ചർച്ചകൾക്ക് പിന്നാലെ, ബ്രിക്സ് (BRICS) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിൽ എത്തുന്നതിന് മുന്നോടിയായാണ് ലാവ്‌റോവ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ റഷ്യ ഒരുകാലത്തും വീഴ്ച വരുത്തിയിട്ടില്ല. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ല എന്നും സെർജി ലാവ്‌റോവ് വ്യക്തമാക്കി.
അന്താരാഷ്ട്ര സമ്മർദ്ദങ്ങളും അനാരോഗ്യകരമായ മത്സരങ്ങളും' നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ റഷ്യ എന്നും പങ്കാളിയായിരിക്കുമെന്ന് ലാവ്‌റോവ് സൂചിപ്പിച്ചു. ആഗോള ഊർജ്ജ വിപണി കൈയടക്കാനും റഷ്യൻ വിതരണ ശൃംഖലയെ തകർക്കാനും അമേരിക്ക ശ്രമിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം അന്യായമായ നീക്കങ്ങളെ അതിജീവിച്ച് ഇന്ത്യയുമായുള്ള കരാറുകൾ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഊർജ്ജ മേഖലയിലെ റഷ്യൻ സഹകരണത്തിന്റെ ഉത്തമ ഉദാഹരണമാണ് തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയമെന്നും ലാവ്‌റോവ് അറിയിച്ചു. 2027-ഓടെ പ്ലാന്റ് പൂർണ്ണ ശേഷിയിൽ പ്രവർത്തിച്ചു തുടങ്ങുമെന്നും റഷ്യൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി.