റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ ; 1000 തടവുകാരെ കൈമാറാനും ധാരണ; യുദ്ധത്തിന്റെ അന്ത്യത്തിന്റെ തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ്


9, May, 2026
Updated on 9, May, 2026 46




വാഷിംഗ്ടൺ : റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇന്ന് മുതൽ മെയ് 11 വരെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത്. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആണ് വെടിനിർത്തൽ പ്രഖ്യാപനം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഈ വെടിനിർത്തൽ യുദ്ധത്തിന്റെ അന്ത്യത്തിന്റെ തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് സൂചിപ്പിച്ചു. രണ്ടാം ലോക മഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരെ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ സ്മരണ പുതുക്കുന്ന 'വിജയദിനം' റഷ്യ ആഘോഷിക്കുന്ന വേളയിലാണ് ഈ വെടിനിർത്തൽ എന്നത് ശ്രദ്ധേയമാണ്.


റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയുമായും താൻ നേരിട്ട് സംസാരിച്ചെന്നും ഇരുവരും തന്റെ അഭ്യർത്ഥന ഉടനടി അംഗീകരിച്ചെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ വ്യക്തമാക്കി. വെടിനിർത്തലിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വൻതോതിലുള്ള തടവുകാരുടെ കൈമാറ്റവും നടക്കും. ഓരോ രാജ്യവും 1,000 തടവുകാരെ വീതം കൈമാറാനാണ് ധാരണയായിരിക്കുന്നത്. യുദ്ധം തുടങ്ങിയതിനുശേഷം നടക്കുന്ന ഏറ്റവും വലിയ തടവുകാരുടെ കൈമാറ്റമാണിത്. യുഎസ് പ്രസിഡന്റിന്റെ നിർദ്ദേശം സ്വീകാര്യമാണെന്ന് ക്രെംലിൻ വക്താവ് യൂറി ഉഷാക്കോവ് സ്ഥിരീകരിച്ചു. ആഘോഷവേളയിൽ ഉക്രെയ്നിന്റെ ഭാഗത്തുനിന്ന് ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന ഉറപ്പിലാണ് റഷ്യ ഈ തീരുമാനമെടുത്തത്. അതേസമയം, തടവിലാക്കപ്പെട്ട 1,000 ഉക്രേനിയൻ സൈനികരെ തിരികെ വീട്ടിലെത്തിക്കാൻ സാധിക്കുന്നത് വലിയ കാര്യമാണെന്ന് സെലെൻസ്‌കി പറഞ്ഞു.




Feedback and suggestions