സമാധാന നീക്കങ്ങൾ സജീവം! ഇറാൻ സംഘം വീണ്ടും പാകിസ്ഥാനിലേക്ക്


26, April, 2026
Updated on 26, April, 2026 67


പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ലഘൂകരിക്കുന്നതിനുള്ള സമാധാന ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ചിയും സംഘവും വീണ്ടും പാകിസ്ഥാനിലെത്തുന്നു. ഒമാനിലേക്ക് പോയ സംഘം റഷ്യൻ സന്ദർശനത്തിന് മുന്നോടിയായാണ് ഇസ്ലാമാബാദിൽ തിരിച്ചെത്തുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക വിഷയങ്ങളിൽ ഇറാനിൽ നിന്ന് നേരിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ച ശേഷമാണ് പ്രതിനിധി സംഘം മടങ്ങിയെത്തുന്നത്.


ഞായറാഴ്ച രാത്രിയോടെ ഇവർ അരാഗ്ചിക്കൊപ്പം ചേരുമെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ഇറാൻ നേരിട്ടുള്ള ചർച്ചയ്ക്ക് തയ്യാറാകാത്തതിനെത്തുടർന്ന് അമേരിക്കൻ പ്രതിനിധികളുടെ പാകിസ്ഥാൻ സന്ദർശനം പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കിയിരുന്നു. സ്റ്റീവ് വിറ്റ്‌കോഫ്, ജാരദ് കഷ്‌നർ എന്നിവരായിരുന്നു ചർച്ചയ്ക്കായി എത്തേണ്ടിയിരുന്നത്. അമേരിക്കയുമായി നേരിട്ടുള്ള ചർച്ചയ്ക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയെങ്കിലും, പാകിസ്ഥാൻ വഴിയുള്ള മധ്യസ്ഥ ശ്രമങ്ങളിൽ അവർ സജീവമാണ്.കഴിഞ്ഞ വെള്ളിയാഴ്ച പാക് സേനാമേധാവി അസിം മുനീർ, പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് എന്നിവരുമായി അരാഗ്ചി കൂടിക്കാഴ്ച നടത്തിയിരുന്നു. വെടിനിർത്തൽ സംബന്ധിച്ച ഇറാന്റെ കർശന നിലപാടുകൾ പാകിസ്ഥാനെ അദ്ദേഹം അറിയിച്ചു. ഇറാൻ പ്രതിനിധികൾക്ക് എപ്പോൾ വേണമെങ്കിലും അമേരിക്കയെ ബന്ധപ്പെടാമെന്നും അവർ സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും ഡോണൾഡ് ട്രംപ് ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു. ഇറാൻ സംഘം തിരിച്ചെത്തുന്നതോടെ സമാധാന ചർച്ചകളിൽ പുതിയ പ്രതീക്ഷകൾ ഉയരുന്നുണ്ടെങ്കിലും, അമേരിക്കയുമായി ഒരേ മേശയിൽ ഇരുന്നുള്ള ചർച്ചകൾക്ക് സാധ്യത കുറവാണെന്നാണ് പാക് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനിടെ ഇസ്ലാമാബാദിൽ ഏർപ്പെടുത്തിയിരുന്ന കടുത്ത സുരക്ഷാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്.




Feedback and suggestions