ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിനൊരുങ്ങിയ സ്വിസ് എയർ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു


26, April, 2026
Updated on 26, April, 2026 4


ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിനൊരുങ്ങിയ സ്വിസ് എയർ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു.പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. വിമാനത്തില്‍ നിന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിക്കുന്നതിനിടെ ആറുപേർക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെ 1.05-ന് ഡല്‍ഹിയില്‍ നിന്ന് സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന LX147 വിമാനത്തിനാണ് അപകടം സംഭവിച്ചത്. 4 കുട്ടികള്‍ ഉള്‍പ്പെടെ 228 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. റണ്‍വേയിലൂടെ വേഗതയില്‍ നീങ്ങുന്നതിനിടെ വിമാനത്തിന്റെ എഞ്ചിനില്‍ നിന്ന് വലിയ ശബ്ദം കേള്‍ക്കുകയും പിന്നാലെ ഇടതുവശത്ത് തീജ്വാലകള്‍ ഉയരുകയുമായിരുന്നു.ലാൻഡിംഗ് ഗിയറിന് സമീപം പുക ഉയർന്നതോടെ പൈലറ്റുമാർ ഉടൻ തന്നെ അടിയന്തര ബ്രേക്കുകള്‍ പ്രയോഗിച്ച്‌ ടേക്ക് ഓഫ് നടപടികള്‍ നിർത്തിവെച്ചു. തുടർന്നാണ് വിമാനത്താവളത്തില്‍ അടിയന്തര ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്.അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. എമർജൻസി സ്ലൈഡുകള്‍ വഴിയാണ് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്. ഈ നടപടിക്കിടയിലാണ് ചില യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിച്ചു.അപകടത്തെത്തുടർന്ന് റണ്‍വേ 28-ലെ ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് അറ്റകുറ്റപ്പണികള്‍ നടന്നിരുന്ന റണ്‍വേ 27 അടിയന്തരമായി പ്രവർത്തനക്ഷമമാക്കിയാണ് മറ്റു സർവീസുകള്‍ പുനഃക്രമീകരിച്ചത്. പുലർച്ചെ 3.34-ഓടെ അപകടത്തില്‍പ്പെട്ട വിമാനം മാറ്റിയ ശേഷം റണ്‍വേ 28 സാധാരണ നിലയിലായി.യാത്രക്കാർക്കായി പകരം വിമാനം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നും ഇന്ന് പുലർച്ചെ തന്നെ ഇവരെ സൂറിച്ചിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പൂർത്തിയായെന്നും അധികൃതർ അറിയിച്ചു. ഏപ്രില്‍ 25-ന് സൂറിച്ചില്‍ നിന്ന് ഡല്‍ഹിയിലെത്തിയ വിമാനമായിരുന്നു ഇത്. സംഭവത്തില്‍ ഡി.ജി.സി.എ (DGCA) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















Feedback and suggestions