Dr. Sisa Thomas will be given retirement benefits
11, June, 2025
Updated on 11, June, 2025 59
![]() |
സിസ തോമസും സർക്കാരും തമ്മിലുള്ള ഏറെനാളത്തെ നിയമപോരാട്ടത്തിന് ഫുൾ സ്റ്റോപ്പ്. സിസ തോമസിന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ എല്ലാം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് സർക്കാർ അംഗീകരിച്ചു. നിലവിൽ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസിലറാണ് സിസ തോമസ്.
ഗവർണറുടെ ഉത്തരവ് പ്രകാരം സാങ്കേതിക സർവ്വകലാശാല വി സി സ്ഥാനം ഏറ്റെടുത്തതിനാലാണ് സിസ തോമസിന്റെ ആനുകൂല്യങ്ങൾ സർക്കാർ തടയാനുണ്ടായ കാരണം. 2 വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ തടഞ്ഞുവച്ച സർക്കാർ നടപടിയെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.
2023 ലാണ് സാങ്കേതിക സർവ്വകലാശാല വി സിയായി സിസ തോമസിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിക്കുന്നത്. അതിനെതിരെ സിസ തോമസിനെ സസ്‌പെൻഡ് ചെയ്തുകൊണ്ട് സർക്കാർ ഉത്തരവിറക്കുകയും ഇതിനെതിരെ ഹൈക്കോടതി മുതൽ സുപ്രീം കോടതി വരെ സിസ തോമസ് കയറിയിറങ്ങുകയും ചെയ്‌തിരുന്നു. ഒടുവിൽ സുപ്രീംകോടതി സസ്‌പെൻഷൻ നടപടി മാറ്റുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് 2024 ൽ സിസ തോമസ് വിരമിക്കുന്നത്. എന്നാൽ വിരമിക്കൽ ആനുകൂല്യങ്ങളൊന്നും നൽകാതെ സർക്കാർ തടഞ്ഞുവെച്ചുകൊണ്ട് പ്രതികാര നടപടി തുടരുകയാണ് ഉണ്ടായത്.
കഴിഞ്ഞമാസം 30 തിനാണ് ഹൈക്കോടതിയിൽ നിന്നും ഒരു അനുകൂല വിധി സിസ തോമസിന് ഉണ്ടാകുന്നത്. പെന്‍ഷന്‍ അടക്കമുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്. പെന്‍ഷന്‍ തുകയുടെ പലിശയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് തീരുമാനമെടുക്കാം. അച്ചടക്കത്തിന്‍റെ പേരിൽ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്നും കോടതി പറഞ്ഞു. സിസ തോമസിന്റെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാത്തതില്‍ രണ്ട് വര്‍ഷമായി സര്‍ക്കാര്‍ എന്താണ് അന്വേഷിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.