25, April, 2026
Updated on 25, April, 2026 3
വാഷിംഗ്ടൺ : യുഎസ് ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾ മറികടന്ന് ഇറാനിൽ നിന്ന് എണ്ണ കടത്തിയതിനും വിപണനം നടത്തിയതിനും ചൈനീസ് കമ്പനികൾക്കെതിരെ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ച് ട്രംപ് സർക്കാർ. ചൈനീസ് എണ്ണ ശുദ്ധീകരണശാലയ്ക്കും 40-ലധികം കപ്പൽ കമ്പനികൾക്കും കപ്പലുകൾക്കുമെതിരെ ശക്തമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതായി യുഎസ് പ്രഖ്യാപിച്ചു. ചൈന ആസ്ഥാനമായുള്ള പ്രമുഖ റിഫൈനറിയായ ഹെംഗ്ലി പെട്രോകെമിക്കലിനും അതിനോട് സഹകരിച്ച നാൽപ്പതോളം കപ്പൽ ഏജൻസികൾക്കുമെതിരെയാണ് ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളത്.
ഇറാനിലെ നിലവിലെ ഭരണകൂടത്തിനുള്ള സാമ്പത്തിക സ്രോതസ്സുകൾ പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ ട്രംപ് ഭരണകൂടം ആവിഷ്കരിച്ച 'ഇക്കണോമിക് ഫ്യൂറി' എന്ന കാമ്പെയ്‌നിന്റെ ഭാഗമായാണ് ഈ നടപടി. ഇറാന്റെ പ്രധാന വരുമാന മാർഗ്ഗമായ എണ്ണ കയറ്റുമതി തടയുക വഴി അവിടുത്തെ ഭരണകൂടത്തെ സാമ്പത്തികമായി തളർത്തുക എന്നതാണ് അമേരിക്ക ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഹെംഗ്ലി പെട്രോകെമിക്കൽ റിഫൈനറി 2023 മുതൽ ഇറാന്റെ എണ്ണ വാങ്ങുന്നതായും അതുവഴി ഇറാന്റെ സൈനിക ആവശ്യങ്ങൾക്കായി കോടിക്കണക്കിന് ഡോളർ എത്തിച്ചതായും അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് ആരോപിക്കുന്നു.