Minister veena george said that Caution is needed in Covid 19
10, June, 2025
Updated on 10, June, 2025 30
![]() |
സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. മറ്റ് രോഗമുള്ളവരും പ്രായമായവരും മുൻകരുതലിന്റെ ഭാഗമായി പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കണം. ഇടവിട്ടുള്ള മഴ പെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ പ്രതിരോധത്തിനായി മൈക്രോപ്ലാന്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന സ്റ്റേറ്റ് ആര്‍ആര്‍ടി യോഗത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ നിലവിൽ 2223 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ 96 പേരാണ് ചികിത്സയിലുള്ളത്.
അവരിൽ ഭൂരിപക്ഷം പേരും മറ്റ് രോഗങ്ങളുള്ളവരാണ്. എറണാകുളം ജില്ലയിൽ 431 കേസുകളും കോട്ടയത്ത് 426 കേസുകളും തിരുവനന്തപുരത്ത് 365 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗലക്ഷണമുള്ളവർക്ക് കൊവിഡ് പരിശോധന നടത്താൻ എല്ലാ ആശുപത്രികൾക്കും നിർദേശം നൽകി.
എലിപ്പനിയ്‌ക്കെതിരെ നിരന്തര ജാഗ്രത വേണം. മലിനജലത്തിലിറങ്ങിയ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണം. രക്ഷാപ്രവർത്തനത്തിലിറങ്ങിയവർ ഉൾപ്പെടെ പ്രത്യേകം ശ്രദ്ധിക്കണം. ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി പൊതുജനാരോഗ്യ നിയമ പ്രകാരം പരിശോധനകൾ നടത്തി കർശന നടപടി സ്വീകരിക്കണം. മലിനമായ വെള്ളം കാരണം ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങൾക്കെതിരേയും ജാഗ്രത പാലിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ.