3, April, 2026
Updated on 3, April, 2026 31
ലണ്ടൻ/വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെടുന്നത് ലോകമെമ്പാടും, പ്രത്യേകിച്ച് ഏഷ്യൻ രാജ്യങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധയും മെയർ റിസോഴ്‌സസ് സിഇഒയുമായ കോർണേലിയ മെയർ. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് ആഗോള ഊർജ്ജ വിപണിയിലെ ആശങ്കാജനകമായ സാഹചര്യത്തെക്കുറിച്ച് അവർ മുന്നറിയിപ്പ് നൽകിയത്.ലോകത്തെ മൊത്തം എണ്ണയുടെയും എൽഎൻജിയുടെയും (LNG) 80 ശതമാനത്തിലധികവും ഹോർമുസ് കടലിടുക്ക് വഴിയാണ് ഏഷ്യൻ രാജ്യങ്ങളിലേക്ക് എത്തുന്നത്. ഈ പാത ദീർഘകാലം അടഞ്ഞുകിടന്നാൽ ലഭ്യമായ ഇന്ധനത്തിനായി യൂറോപ്പും അമേരിക്കയും ഏഷ്യയും തമ്മിൽ കടുത്ത മത്സരമുണ്ടാകും. ഇത് പാകിസ്ഥാൻ ഉൾപ്പെടെയുള്ള ദരിദ്ര രാഷ്ട്രങ്ങളെ വലിയ പ്രതിസന്ധിയിലാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. ഏഷ്യയിലെ എണ്ണക്ഷാമം യൂറോപ്പിനെയും ബാധിക്കും. കാരണം, ഹോർമുസ് വഴി എത്തുന്ന ക്രൂഡ് ഓയിൽ ഏഷ്യയിൽ ശുദ്ധീകരിച്ച ശേഷമാണ് പല ഉൽപ്പന്നങ്ങളായും യൂറോപ്പിലേക്ക് തിരിച്ചെത്തുന്നത്.
ഖത്തർ എനർജിയുടെ എൽഎൻജി ഹബിന് ഇറാൻ മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചത് സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ട്. ഇത് ഏഷ്യയിലും യൂറോപ്പിലും വൈദ്യുതി ഉത്പാദനം, ഗാർഹിക ഇന്ധനം, വളം നിർമ്മാണം എന്നിവയുടെ ചിലവ് ഗണ്യമായി വർദ്ധിപ്പിച്ചു. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിന് നേരെ സൈനിക നീക്കമുണ്ടായാൽ അത് ആഗോള വിപണിക്ക് താങ്ങാനാവില്ലെന്നും കോർണേലിയ മെയർ മുന്നറിയിപ്പ് നൽകി. പ്രതിദിനം 1.5 ദശലക്ഷം ബാരൽ എണ്ണയാണ് ഇറാൻ ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ എണ്ണ വിപണിയിൽ നിന്ന് അപ്രത്യക്ഷമാകുന്നത് ഇന്ധനവില നിയന്ത്രണാതീതമായി ഉയരാൻ കാരണമാകും.