16, March, 2026
Updated on 16, March, 2026 6
അബുദാബി : ദുബായ് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തി ഇറാൻ. ഇറാനിയൻ ഡ്രോൺ പതിച്ച് ദുബായ് വിമാനത്താവളത്തിന് സമീപത്തെ ഇന്ധന ടാങ്കിൽ വൻ തീപിടുത്തം ഉണ്ടായി. ഇതിന് പിന്നാലെ ദുബായിൽ നിന്നും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും എമിറേറ്റ്സ് എയർലൈൻസ് റദ്ദാക്കി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് എമിറേറ്റ്സ് യാത്രക്കാരോട് നിർദ്ദേശിച്ചു.
യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്ന് എമിറേറ്റ്‌സ് സമൂഹമാധ്യമങ്ങളിലൂടെ ഉപഭോക്താക്കളെ അറിയിച്ചു. "ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. ദയവായി വിമാനത്താവളത്തിലേക്ക് പോകരുത്. ലഭ്യമാകുമ്പോഴെല്ലാം എമിറേറ്റ്‌സ് അപ്‌ഡേറ്റുകൾ പങ്കിടും. ഞങ്ങളുടെ ഉപഭോക്താക്കളുടെ മനസ്സിലാക്കലിനും ക്ഷമയ്ക്കും ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണന, അതിൽ വിട്ടുവീഴ്ച ചെയ്യില്ല," എന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ എമിറേറ്റ്സ് എയർലൈൻസ് വ്യക്തമാക്കി.
സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ ദുബായ് വിമാനത്താവളത്തിൽ നിന്നുമുള്ള വിമാന സർവീസുകൾ നിർത്തിവെക്കാൻ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി തീരുമാനിച്ചു. അതേസമയം, കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പറന്ന എമിറേറ്റ്സ് സർവീസ് വിമാനത്താവളം പെട്ടെന്ന് അടച്ചതിനാൽ കേരളത്തിലേക്ക് തിരികെ വഴി തിരിച്ചു വിട്ടു. 325 യാത്രക്കാരുമായി EK533 വിമാനം ആണ് കൊച്ചിയിൽ നിന്നും പുറപ്പെട്ടത്. യാത്രാമധ്യേ വിമാനം വഴി തിരിച്ചുവിടാൻ നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് വിമാനം കൊച്ചിയിൽ സുരക്ഷിതമായി തിരികെ ഇറക്കി.