ഹോർമുസ് അടഞ്ഞു, റഷ്യൻ എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക്; ഇന്ധന ക്ഷാമം ഒഴിവാക്കാൻ വൻ നീക്കം


11, March, 2026
Updated on 11, March, 2026 3


പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതോടെ, ആഭ്യന്തര പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ വീണ്ടും റഷ്യയെ ആശ്രയിക്കുന്നു. അമേരിക്കന്‍ ഉപരോധങ്ങളില്‍ പ്രത്യേക ഇളവ് ലഭിച്ചതിനെത്തുടര്‍ന്ന് ഏകദേശം 3 കോടി ബാരല്‍ റഷ്യന്‍ എണ്ണയാണ് ഇന്ത്യന്‍ കമ്പനികള്‍ പെട്ടെന്ന് വാങ്ങിക്കൂട്ടിയത്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം മൂലം സൗദി അറേബ്യ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ വരവ് നിലച്ച സാഹചര്യത്തിലാണ്, വിപണിയിലെ ഈ വലിയ വിടവ് നികത്താന്‍ ഇന്ത്യ റഷ്യന്‍ എണ്ണയിലേക്ക് തിരിഞ്ഞത്.


അമേരിക്കയുടെ അനുമതി ലഭിച്ചതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ചേര്‍ന്ന് സ്‌പോട്ട് മാര്‍ക്കറ്റില്‍ ലഭ്യമായിരുന്ന മുഴുവന്‍ റഷ്യന്‍ എണ്ണയും സ്വന്തമാക്കി. മുന്‍പ് കുറഞ്ഞ നിരക്കില്‍ ലഭിച്ചിരുന്ന റഷ്യന്‍ എണ്ണയ്ക്ക്, നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് ബ്രെന്റ് ക്രൂഡ് നിരക്കിനേക്കാള്‍ ബാരലിന് 2 മുതല്‍ 8 ഡോളര്‍ വരെ അധികം നല്‍കിയാണ് ഇന്ത്യ വാങ്ങുന്നത്. യുറല്‍സ്, ഇ.എസ്.പി.ഒ തുടങ്ങിയ വിവിധയിനം ക്രൂഡ് ഓയിലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ഓയിലും റിലയൻസും ഏകദേശം ഓരോ കോടി ബാരല്‍ വീതം എണ്ണ വാങ്ങിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഈ പുതിയ നീക്കത്തോടെ ചൈനയിലേക്കും സിംഗപ്പൂരിലേക്കും പോയിക്കൊണ്ടിരുന്ന പല എണ്ണക്കപ്പലുകളും പാതിവഴിയില്‍ വെച്ച് ഇന്ത്യയിലേക്ക് ദിശമാറി സഞ്ചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മാര്‍ച്ച് 5-ന് മുന്‍പ് കപ്പലുകളില്‍ കയറ്റിയ എണ്ണയ്ക്കാണ് അമേരിക്ക പ്രത്യേക ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച് ‘മൈലോ’, ‘സാറ’, ‘ഒയാസിസ്’ തുടങ്ങിയ കപ്പലുകള്‍ ഇപ്പോള്‍ ഇന്ത്യ ലക്ഷ്യമാക്കി നീങ്ങുകയാണ്. 2022-ലെ യുക്രെയ്ന്‍ യുദ്ധത്തിന് ശേഷം റഷ്യയുമായുള്ള എണ്ണ വ്യാപാരം വര്‍ധിപ്പിച്ച ഇന്ത്യ, നിലവിലെ ആഗോള പ്രതിസന്ധി ഘട്ടത്തിലും ആ ബന്ധം തന്ത്രപരമായി ഉപയോഗപ്പെടുത്തുകയാണ്.




Feedback and suggestions