റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി പോയ എയർ ആംബുലൻസ് ജാർഖണ്ഡിലെ ചത്ര ജില്ലയിൽ തകർന്ന് വീണ് ഏഴ് പേരും മരിച്ചതായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി ചത്ര ഡെപ്യൂട്ടി കമ്മീഷണർ കീർത്തിശ്രീ ജി വാർത്താ ഏജൻസിയായ പിടിഐയോട് സ്ഥിരീകരിച്ചു. ചത്ര ജില്ലയിലെ സിമരിയയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
മരിച്ചവരിൽ വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡ് ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, കോ-പൈലറ്റ് ക്യാപ്റ്റൻ സവ്‌രാജ്ദീപ് സിംഗ് എന്നിവർ ഉൾപ്പെടുന്നു. രോഗിയായ സഞ്ജയ് കുമാർ (41), സഹായികളായ അർച്ചന ദേവി, ധുരു കുമാർ, ഡോക്ടർ വികാസ് കുമാർ ഗുപ്ത, പാരാമെഡിക് സച്ചിൻ കുമാർ മിശ്ര എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവർ.റെഡ്ബേർഡ് എയർവേയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പ്രവർത്തിപ്പിക്കുന്ന ബീച്ച്ക്രാഫ്റ്റ് സി90 (VT-AJV) എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. റാഞ്ചിയിൽ നിന്ന് വൈകുന്നേരം 7:11-ന് പുറപ്പെട്ട വിമാനം രാത്രി 10 മണിയോടെ ഡൽഹിയിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ 7:34 ഓടെ കൊൽക്കത്തയിലെ റഡാറിൽ നിന്നും വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. വാരണാസിക്ക് തെക്ക് കിഴക്ക് 100 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമായത്.
ജാർഖണ്ഡിലെ ലാത്തേഹാർ ജില്ലയിലെ ചന്ദ്വ സ്വദേശിയായ സഞ്ജയ് കുമാറിനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. 65 ശതമാനം പൊള്ളലേറ്റ നിലയിൽ സഞ്ജയ് കുമാറിനെ ഫെബ്രുവരി 16 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രോഗിയുടെ നില ഗുരുതരമായതിനെ തുടർന്ന് മികച്ച ചികിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 4:30 ഓടെ സഞ്ജയ് കുമാറിനെ ഡിസ്ചാർജ് ചെയ്ത് വിമാനത്താവളത്തിലേക്ക് എത്തിച്ചു.
അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) പ്രത്യേക സംഘം അപകടസ്ഥലത്തേക്ക് തിരിച്ചു. സാങ്കേതിക തകരാറാണോ അതോ കാലാവസ്ഥയാണോ അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.