16, February, 2026
Updated on 16, February, 2026 19
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ പുന പരിശോധന ഹർജികൾ സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് പരിഗണിക്കുക. വിഷയം ഒമ്പതംഗ വിശാല ബെഞ്ചിലേക്ക് വിടുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. അടുത്ത കേസ് പരിഗണിക്കുന്ന തീയതിയും ഇന്ന് കോടതി അറിയിക്കുന്നതായിരിക്കും. അതേസമയം ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശബരിമല യുവതി പ്രവേശന കേസ് സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും എത്തുക.ചീഫ് ജസ്റ്റിസ് കോടതിയിൽ 44ാംമത്തെ ഇനമായി ആണ് ഹർജികൾ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്നും റിപ്പോർട്ട്. മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങളാണ് ശബരിമല യുവതി പ്രവേശനത്തോടൊപ്പം സുപ്രീംകോടതി തീരുമാനം എടുക്കാൻ ഒരുങ്ങുന്നത്. അതിനാൽ തന്നെ ഇത് വളരെ നിർണായകമായാണ് കണക്കാക്കുന്നത്.
അതേസമയം ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാട് ഒരു മിനിറ്റുകൊണ്ട് എടുക്കുവാൻ സാധിക്കുന്നതല്ല എന്ന് മന്ത്രി രാജീവ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം പുനപരിശോധന ബഞ്ച് വരട്ടെ എന്നും അതിനു ശേഷം നിലപാട് അറിയിക്കും. സർക്കാരിന്റെ വിശദീകരണം ആവശ്യമുണ്ടോ എന്നതും പുതിയ ബഞ്ചാണ് തീരുമാനിക്കേണ്ടത് സർക്കാർ നിലപാട് അല്ല പുന പരിശോധിക്കുന്നതെന്നും മന്ത്രി പി രാജീവ് പ്രതികരിച്ചിരുന്നു.