31, January, 2026
Updated on 31, January, 2026 6
തിരുവനന്തപുരം: വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലുണ്ടാകുന്ന കടലാക്രമണങ്ങളെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. വേലിയേറ്റ രേഖയും കടന്ന് കരയിലേക്ക് തിരമാലകള്‍ കയറിയോ ഇത് മൂലം ഉണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ ജീവനും സ്വത്തിനും ജീവനോപാധികള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഉണ്ടാകുന്ന നാശ നഷ്ടങ്ങള്‍ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
കടല്‍ ക്ഷോഭം,ചുഴലിക്കാറ്റ്, തുടങ്ങിയ സമയങ്ങളിലുണ്ടാകുന്ന കടലാക്രമണങ്ങള്‍ മാത്രമാണ് സവിശേഷ ദുരന്തമായി ഇതുവരെ കണാക്കാക്കിയിരുന്നത്. അല്ലാത്ത കടലാക്രമണത്തെ പ്രകൃതി ക്ഷോഭത്തിന്റെ വിഭാഗത്തില്‍പ്പെടുത്തി ചെറിയ സഹായങ്ങള്‍ മാത്രമാണ് നഷ്ടപരിഹാരമായി നല്‍കിയിരുന്നത്. കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം വരെ നഷ്ടപരിഹാരം നല്‍കാറുണ്ടെങ്കിലും അത് മന്ത്രിസഭയുടെ പ്രത്യേക തീരുമാനമായാണ് നല്‍കിപ്പോരുന്നത്.
കടലില്‍ നിന്ന് കരയിലേക്ക് കടന്നുകയറുന്ന തിരമാലകളോ അതുവഴി ഉണ്ടാകുന്ന വെള്ളപ്പൊക്കമോ മൂലം ജീവനും സ്വത്തിനും ജീവനോപാധികള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്കും ഇനി മുതല്‍, മാനദണ്ഡങ്ങള്‍ പ്രകാരം സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് സഹായം അനുവദിക്കാനാകും.