വർണാഭമായി റിപ്പബ്ലിക് ദിനാഘോഷം; ഗവർണർ ദേശീയ പതാക ഉയർത്തി


26, January, 2026
Updated on 26, January, 2026 6


എഴുപത്തിയേഴാം റിപ്പബ്ലിക് ദിനം തിരുവനന്തപുരത്ത് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേകർ ദേശീയ പതാക ഉയർത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചു.

രാവിലെ 8.45-ഓടെ പരിപാടികൾക്ക് തുടക്കമായി. 8.59-ന് ഗവർണർ സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി എ ജയതിലക്, ജില്ലാ കളക്ടർ അനുകുമാരി എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഭാരതീയ വ്യോമസേനയിലെ (ശംഖുമുഖം എയർഫോഴ്‌സ് സ്റ്റേഷൻ) വിങ് കമാൻഡർ വികാസ് വശിഷ്ട് പരേഡ് കമാൻഡറായും, മദ്രാസ് റെജിമെന്റ് രണ്ടാം ബറ്റാലിയനിലെ ക്യാപ്റ്റൻ അഭിഷേക് ദുബെ സെക്കൻഡ്-ഇൻ-കമാൻഡറായും പരേഡിന് നേതൃത്വം നൽകി.

പരേഡിൽ സായുധ വിഭാഗങ്ങളായ ഭാരതീയ കരസേന, വ്യോമസേന, ആന്ധ്രാപ്രദേശ് സ്റ്റേറ്റ് പോലീസ്, മലബാർ സ്‌പെഷ്യൽ പോലീസ്, ഇന്ത്യ റിസർവ് ബറ്റാലിയൻ, കേരള സായുധ വനിത പോലീസ് ബറ്റാലിയൻ, റാപ്പിഡ് റെസ്‌പോൺസ് ആൻഡ് റെസ്‌ക്യൂ ഫോഴ്‌സ്, തിരുവനന്തപുരം സിറ്റി പോലീസ്, കേരള ജയിൽ വകുപ്പ്, എക്‌സൈസ്, വനം വകുപ്പ് എന്നിവയുൾപ്പെടെ 11 പ്ലാറ്റൂണുകളും സായുധമല്ലാത്ത വിഭാഗത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്, സൈനിക സ്‌കൂൾ, എൻ.സി.സി (സീനിയർ ഡിവിഷൻ ആൺകുട്ടികളും പെൺകുട്ടികളും, നേവൽ യൂണിറ്റ്, എയർ സ്‌ക്വാഡ്രൺ), എൻ.എസ്.എസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് തുടങ്ങി 11 പ്ലാറ്റൂണുകളും അണിനിരന്നു. തിരുവനന്തപുരം സിറ്റി അശ്വാരൂഢ പോലീസിന്റെ ഒരു പ്ലാറ്റൂണും പരേഡിൽ പങ്കെടുത്തു. ഭാരതീയ കരസേന, തിരുവനന്തപുരം സിറ്റി പോലീസ്, ആംഡ് പോലീസ് ബറ്റാലിയൻ എന്നിവരുടെ ബാന്റ് സംഘങ്ങൾ പരേഡിന് അകമ്പടിയേകി.

ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശത്തിന് ശേഷം  സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങളും വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി ആർ അനിൽ, എഎ റഹീം എം.പി, എം.എൽ.എ മാരായ വി. കെ പ്രശാന്ത്, എം വിൻസെന്റ്, കോർപ്പറേഷൻ മേയർ വിവി രാജേഷ്, ചീഫ് സെക്രട്ടറി എ. ജയതിലക്, ജില്ലാ കളക്ടർ അനുകുമാരി, സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.




Feedback and suggestions