Directive to local bodies to accept public donations for development activities
5, June, 2025
Updated on 5, June, 2025 27
![]() |
തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സംഭാവനകൾ സ്വീകരിക്കാനും ഇതിനായി കർമ്മ പദ്ധതി തയ്യാറാക്കാനും സർക്കാർ നിർദേശം. പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുന്നതിന് സ്ഥാപനങ്ങൾ വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കണമെന്നും കാണിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് സർക്കുലർ ഇറക്കി. ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം വികസന പ്രവർത്തനങ്ങൾക്കായാണ് സംഭാവനകൾ സ്വീകരിക്കുന്നത്. വ്യക്തികളിൽ നിന്നോ, സ്ഥാപനങ്ങളിൽ നിന്നോ പണമായോ, ഭൂമിയായോ, സേവനങ്ങളായോ എല്ലാം സ്വീകരിക്കാം. ഇതിനായി താൽപര്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിലേക്ക് എത്തുന്നവരിൽ നിന്ന് മാത്രമല്ല, പൊതുജനങ്ങളെ അങ്ങോട്ട് സമീപിച്ചും സംഭാവനകൾ ഉറപ്പാക്കണം.
സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തിൽ കർമ്മപരിപാടിക്ക് രൂപം നൽകണം. സംഭാവനകൾ സമാഹരിക്കുന്നതിനുള്ള സമഗ്രമായ തന്ത്രങ്ങൾക്ക് രൂപം കൊടുക്കണം.വിപുലമായ ക്യാമ്പയിനുകളും സംഘടിപ്പിക്കണം. മികച്ച തദ്ദേശഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങളിൽ സംഭാവനങ്ങളുടെ സമാഹരണവും ഉപയോഗവും ഒരു സൂചകമായി പരിഗണിക്കുമെന്നും സർക്കുലറിൽ പറയുന്നു.
പരാതികൾ ഒഴിവാക്കാൻ കൃത്യമായ രസീത് സംഭാവനകൾക്ക് നൽകണം. സംഭാവനകൾ പിരിക്കാൻ ഇടനിലക്കാരെ ചുമതലപ്പെടുത്താൻ പാടുള്ളതല്ല. ഒരു പ്രത്യേക ആവശ്യത്തിന് സമാഹരിച്ച് സംഭാവന അതേ ആവശ്യത്തിനു മാത്രമായി വിനിയോഗിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ സർക്കുലറിൽ പറയുന്നു.