40-ൽ ആദ്യം 5 മാർക്ക്, റീവാലുവേഷനിൽ 34; കണ്ണൂർ സർവകലാശാല മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച


24, January, 2026
Updated on 24, January, 2026 3


കാസർകോട്: കണ്ണൂർ സർവകലാശാലയുടെ പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര പിഴവെന്ന് ആക്ഷേപം. ബിബിഎ രണ്ടാം സെമസ്റ്റർ പരീക്ഷയിൽ ആദ്യം 40-ൽ വെറും 5 മാർക്ക് മാത്രം ലഭിച്ച വിദ്യാർത്ഥിനിക്ക് പുനർമൂല്യനിർണയത്തിൽ ലഭിച്ചത് 34 മാർക്ക്. രാജപുരം സെന്റ്പയസ് കോളേജിലെ ബിബിഎ വിദ്യാർത്ഥിനി നൗഷിബ നസ്രിനാണ് പരാതിക്കാരി.പരീക്ഷാ ഫലം വന്നപ്പോൾ തനിക്ക് ലഭിച്ച മാർക്ക് കണ്ട നൗഷിബ ഉടൻ തന്നെ റീവാലുവേഷന് അപേക്ഷിക്കുകയായിരുന്നു. രണ്ടാം വട്ട പരിശോധനയിൽ മാർക്ക് 5-ൽ നിന്നും 34-ലേക്ക് കുതിച്ചുയർന്നു. അതായത് ആദ്യ മൂല്യനിർണയത്തിൽ 29 മാർക്കിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഈ ഗുരുതര വീഴ്ചയെക്കുറിച്ച് സർവകലാശാലാ അധികൃതരോട് വിശദീകരണം തേടിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് വിദ്യാർത്ഥിനി ആരോപിക്കുന്നു.ബിബിഎ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തിയത് ബികോം വിഭാഗത്തിലെ അധ്യാപകരാണെന്ന ഗൗരവതരമായ ആക്ഷേപം ഉയർന്നിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ പരാതിയെത്തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കോളേജിന് വീഴ്ച പറ്റിയിട്ടില്ലെന്നും സമഗ്രമായ അന്വേഷണം വേണമെന്നും പ്രിൻസിപ്പൽ ഡോ. ബിജു ആവശ്യപ്പെട്ടു. വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകുന്നത് വരെ പോരാട്ടം തുടരുമെന്ന ഉറച്ച നിലപാടിലാണ് നൗഷിബ.




Feedback and suggestions