പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് ഇന്ന് തുടക്കം


20, January, 2026
Updated on 20, January, 2026 14


പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് ഇന്ന് തുടക്കമാവുകയാണ്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ശബരിമല സ്വർണ്ണക്കൊള്ള കേസും രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റും ഉൾപ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങളാൽ ഇത്തവണത്തെ ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാകുമെന്നുറപ്പാണ്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് 32 ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ആരംഭിക്കുന്നത്.ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ എംഎൽഎയുമായ എ. പത്മകുമാർ അറസ്റ്റിലായ വിഷയം സഭയിൽ ഉന്നയിക്കാനാണ് യുഡിഎഫ് നീക്കം. ജയിലിലായിട്ടും പത്മകുമാറിനെതിരെ പാർട്ടി നടപടിയെടുക്കാത്തത് സർക്കാരിന്റെ ഒത്തുകളിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഇതേ കേസിൽ ചോദ്യം ചെയ്തതും സഭയിൽ ചർച്ചയാകും.കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശം വർഗീയമാണെന്നും മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും സഭയിൽ പ്രതിപക്ഷ പ്രതിഷേധം ഉയരാനും സാധ്യതയുണ്ട്.സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി, ക്ഷേമ പെൻഷൻ കുടിശ്ശിക, ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ എന്നിവയും സർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കും. കൂടാതെ, മുഖ്യമന്ത്രി പിണറായി വിജയന്റെ ജമാഅത്തെ ഇസ്ലാമി പരാമർശവും സിപിഎമ്മിന്റെ "മൃദു ഹിന്ദുത്വ" നിലപാടുകളും സഭയിൽ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാൻ യുഡിഎഫ് ലക്ഷ്യമിടുന്നു.ലൈംഗിക പീഡനക്കേസിൽ പുറത്താക്കപ്പെട്ട കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായ വിഷയം ഉയർത്തി പ്രതിപക്ഷത്തെ നേരിടാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. രാഹുലിനെ കോൺഗ്രസ് പുറത്താക്കിയെങ്കിലും അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് യുഡിഎഫിന് ഒഴിയാനാകില്ലെന്ന് എൽഡിഎഫ് വാദിക്കുന്നു.പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ സമുദായ നേതാക്കൾ ഉയർത്തിയ വിമർശനങ്ങൾ, വയനാട് ഉരുൾപൊട്ടൽ അതിജീവിതർക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്ത വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാത്തത്, മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരായ വിജിലൻസ് കേസ് എന്നിവയും ഭരണപക്ഷം ആയുധമാക്കും. കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു എന്ന വാദമാകും ട്രഷറി ബെഞ്ചുകൾ പ്രധാനമായും ഉയർത്തുക.മാർച്ച് 26 വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ 2026-27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയത്തിന്മേൽ മൂന്ന് ദിവസം ചർച്ച നടക്കും. ജനുവരി 29-നാണ് ബജറ്റ് അവതരണം നിശ്ചയിച്ചിരിക്കുന്നത്.ഫെബ്രുവരി 2 മുതൽ 4 വരെ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. ഫെബ്രുവരി 6 മുതൽ 22 വരെ സഭ സമ്മേളിക്കില്ല. ഈ സമയത്ത് വിവിധ സബ്ജക്ട് കമ്മിറ്റികൾ ധനാഭ്യർത്ഥനകൾ പരിശോധിക്കും. ഫെബ്രുവരി 24 മുതൽ മാർച്ച് 19 വരെയാണ് ധനാഭ്യർത്ഥനകളിന്മേലുള്ള വിശദമായ ചർച്ചയും വോട്ടെടുപ്പും നടക്കുകയെന്ന് നിയമസഭാ വൃത്തങ്ങൾ അറിയിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ നടക്കുന്ന ഈ സമ്മേളനം മുന്നണികളെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്.




Feedback and suggestions