Kerala Anganwadi Food Menu Updated: അങ്കണവാടിയിൽ ഇനി 'ബിർണാനിയും'; ശങ്കുവിൻ്റെ അഭ്യർത്ഥന അംഗീകരിച്ച് സർക്കാർ; പരിഷ്കരിച്ച മെനു അറിയാം

Kerala Anganwadi Food Menu Updated
4, June, 2025
Updated on 4, June, 2025 34

അങ്കണവാടിയിൽ ബിരിയാണി വേണമെന്ന കൊച്ചു കുട്ടിയായ ശങ്കുവിൻ്റെ വീഡിയോ നേരത്തെ വൈറലായിരുന്നു.

സംസ്ഥാനത്തെ അങ്കണവാടി കുട്ടികൾക്കുള്ള ഭക്ഷണ മെനു പരിഷ്കരിച്ച് സർക്കാർ. പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, ജനറല്‍ ഫീഡിംഗ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌ക്കരിച്ചത്. 33,120 അങ്കണവാടികളിലേക്കുള്ള പ്രവേശനോത്സവം കഴിഞ്ഞ ദിവസം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തിരുന്നു. പത്തനംതിട്ട മെഴുവേലി ഗ്രാമ പഞ്ചായത്തിലാണ് സംസ്ഥാനതല ഉദ്ഘാടനം നടന്നത്. അങ്കണവാടികിൽ ഇതാദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്.

അങ്കണവാടിയിൽ ബിരിയാണി വേണമെന്ന കൊച്ചു കുട്ടിയായ ശങ്കുവിൻ്റെ വീഡിയോ നേരത്തെ വൈറലായിരുന്നു. ഇതിന് പിന്നാലെ മെനു പരിഷ്കരിക്കുമെന്ന് അന്ന് തന്നെ മന്ത്രി വീണ ജോർജ് കുട്ടികൾക്ക് ഉറപ്പ് നൽകിയിരുന്നു. പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്‌ക്കരിച്ചത്.

"ശങ്കുവിന്റെ അഭ്യര്‍ത്ഥനയോട് പ്രതികരിച്ച് അന്ന് പറഞ്ഞത് പ്രകാരം അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌ക്കരിച്ചു. മുട്ട ബിരിയാണി, പുലാവ് ഒക്കെ ഉള്‍പ്പെടുത്തിയാണ് മെനു ക്രമീകരിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ഏകീകൃത മാതൃകാ ഭക്ഷണ മെനു തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും 3 ദിവസം വീതമാക്കി മാറ്റിയിട്ടുണ്ട്. കുഞ്ഞൂസ് കാര്‍ഡ് വിതരണം ചെയ്തു. ഒന്നാം ക്ലാസിലേക്ക് പോയ കുട്ടികള്‍ക്ക് കോണ്‍വക്കേഷന്‍ സെറിമണി നടത്തി ബാഗ് ഉള്‍പ്പെടെ നല്‍കി. വെല്‍ക്കം കിറ്റുകള്‍ നല്‍കിയാണ് കുഞ്ഞുങ്ങളെ സ്വീകരിച്ചത്." മന്ത്രി പറഞ്ഞു.

പരിഷ്കരിച്ച മെനു

തിങ്കളാഴ്ച: പ്രാതലിന് പാല്‍, പിടി, കൊഴുക്കട്ട/ഇലയട, ഉച്ചഭക്ഷണമായി ചോറ്, ചെറുപയര്‍ കറി, ഇലക്കറി, ഉപ്പേരി/തോരന്‍, പൊതുഭക്ഷണമായി ധാന്യം, പരിപ്പ് പായസം.

ചൊവ്വാഴ്ച: പ്രാതലിന് ന്യൂട്രി ലഡു, ഉച്ചയ്ക്ക് മുട്ട ബിരിയാണി/മുട്ട പുലാവ്, ഫ്രൂട്ട് കപ്പ്, പൊതുഭക്ഷണമായി റാഗി അട.

ബുധനാഴ്ച: പ്രാതലിന് പാല്‍, പിടി, കൊഴുക്കട്ട/ഇലയട, കടല മിഠായി, ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ട് കറി, സോയ ഡ്രൈ ഫ്രൈ, പൊതുഭക്ഷണം ഇഡ്ഡലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി.

വ്യാഴാഴ്ച: പ്രാതലിന് റാഗി, അരി-അട/ഇലയപ്പം, ഉച്ചയ്ക്ക് ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, മുട്ട, ഓംലറ്റ്, പൊതുഭക്ഷണമായി അവല്‍, ശര്‍ക്കര, പഴം മിക്സ്.

വെള്ളിയാഴ്ച: പ്രാതലിന് പാല്‍, കൊഴുക്കട്ട, ഉച്ചഭക്ഷണമായി ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍, പൊതുഭക്ഷണമായി ഗോതമ്പ് നുറുക്ക് പുലാവ്. ശനിയാഴ്ച രാവിലെ ന്യൂട്രി ലഡു, ഉച്ചയ്ക്ക് വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതു ഭക്ഷണമായി ധാന്യ പായസം എന്നിവ നല്‍കും.




Feedback and suggestions