16, January, 2026
Updated on 16, January, 2026 21
ഭൂരഹിതരായ ഭവനരഹിതർക്ക് വേണ്ടിയാണ് ലൈഫ് മിഷൻ തുടങ്ങിയതെങ്കിലും 4 ലക്ഷത്തോളം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല.വീട് ലഭിച്ചവരിൽ 95 ശതമാനവും സ്വന്തമായി ഭൂമിയുള്ളവരാണ്. വാസയോഗ്യമോ അല്ലാത്തതോ ആയ വീട് പൊളിച്ചു മാറ്റിയാണ് പുതിയ വീടുകൾ നിർമ്മിച്ചത്. ഭൂരഹിതർക്കായുള്ള നഗരങ്ങളിലെ പ്ലാറ്റ് സമുച്ചയ പദ്ധതി പ്രകാരം വാസസ്ഥലം ലഭിച്ചത് 18000 പേർക്ക് മാത്രമാണ്. റേഷൻ കാർഡോ മേൽവിലാസമോ ഇല്ലാത്തവരും വാടക വീട് ബന്ധു ഗൃഹം, പുറമ്പോക്ക് എന്നിവിടങ്ങളിൽ കഴിയുന്നവരുമായവർ ലൈഫ് മിഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.2017-ൽ 6.25 ലക്ഷം പേരും 2021-ൽ 5.5 ലക്ഷം പേരും ലൈഫ് മിഷൻ ഗുണഭോക്ത പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ഇതിനകം വീട് ലഭിച്ചത് 4,24,800 പേർക്കു മാത്രമാണ്. അതായത്, പകുതിയിൽ താഴെ. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് പൂർത്തിയാക്കിയത് 2.95 ലക്ഷം വീടുകളാണ്. ഇവയിൽ 50000 വീടുകൾ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് തുടങ്ങി വെച്ചതാണ്. രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് ഇതുവരെ പൂർത്തിയാക്കിയത് ഒന്നര ലക്ഷത്തോളം വീടുകൾ മാത്രമാണ്. ഒരു ലക്ഷത്തോളം വീടുകൾ പണി തീരാത്ത അവസ്ഥയിലാണ്.400 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ലൈഫ് മിഷൻ വീടുകൾക്ക് സർക്കാർ അനുവദിക്കുന്നത് 4 ലക്ഷം രൂപയാണെങ്കിൽ ഇപ്പോൾ നിർമ്മാണത്തിന് 7 ലക്ഷം രൂപയോളം വേണ്ടി വരുന്നു. ബാക്കി തുക കടം വാങ്ങിയവർ തിരിച്ചടയ്ക്കാനാവാതെ കടക്കെണിയിലാണ്. പ്ലാറ്റുകൾക്ക് ഭൂമി സർക്കാർ കണ്ടെത്തിയാലും ഒരു പ്ലാറ്റിന് 12 ലക്ഷമെങ്കിലും മുടക്കേണ്ടിവരുന്നതുകൊണ്ട് നഗരങ്ങളിലെ പ്ലാറ്റ് നിർമ്മാണം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.4 ലക്ഷം രൂപ ചെലവിടുന്ന ലൈഫ് വീടിൻ്റെ സർക്കാർ വിഹിതം ഒരു ലക്ഷം രൂപ മാത്രമാണ്. 80000 രൂപ തദ്ദേശസ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്നാണ്. ഹഡ്കോയിൽ നിന്നും കടമെടുത്ത 2.2 ലക്ഷം രൂപ അഞ്ചു വർഷത്തിനുള്ളിൽ തിരിച്ചടക്കേണ്ടത് പുതിയ പഞ്ചായത്തുകളും നഗരസഭകളുമാണ്. ലൈഫ് മിഷൻ കടം ഭാവിയിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളെയും വൻ സാമ്പത്തിക പ്രതിസന്ധിയിലാക്കും.