1949 ജനുവരി 15-ന് ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് കമാൻഡർ-ഇൻ-ചീഫായിരുന്ന ജനറൽ ഫ്രാൻസിസ് റോയ് ബുച്ചറിൽ നിന്ന് ലെഫ്റ്റനന്റ് ജനറൽ കെ.എം. കരിയപ്പ ഇന്ത്യൻ സൈന്യത്തിന്റെ ആദ്യ കമാൻഡർ-ഇൻ-ചീഫായി ചുമതലയേറ്റതിന്റെ സ്മരണയ്ക്കായി, എല്ലാ വർഷവും ജനുവരി 15-ന് ഇന്ത്യയിൽ കരസേനാ ദിനം ആഘോഷിക്കുന്നു. പാങ്ങോട് സൈനിക കേന്ദ്രത്തിൽ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങോടെയാണ് സൈനിക ദിനം (78-ാം വാർഷികം) ആഘോഷിച്ചത്. പാങ്ങോട് സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ഇന്ന് (ജനുവരി 15) തിരുവനന്തപുരത്തെ പാങ്ങോട് യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുകയും വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. കമാൻഡിംഗ് ഓഫീസർമാർ, അഡ്മിൻ കമാൻഡന്റ്, സീനിയർ, ജൂനിയർ ഓഫീസർമാർ, ജെ.സി.ഒ.മാർ, മറ്റ് റാങ്കിലുള്ളവർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
2026 ലെ ആഘോഷങ്ങളുടെ പ്രമേയം "നെറ്റ്‌വർക്കിംഗിന്റെയും ഡാറ്റാ കേന്ദ്രീകരണത്തിന്റെയും വർഷം" എന്നതാണ്, ഇത് അത്യാധുനിക സൈനിക സാങ്കേതികവിദ്യയും ഇന്ത്യൻ സൈനികരുടെ അചഞ്ചലമായ ധീരതയും സൂചിപ്പിക്കുന്നു. ഇന്ത്യൻ സൈന്യത്തിന്റെ ത്യാഗത്തിനും നിസ്വാർത്ഥ സേവനത്തിനും വേണ്ടിയുള്ള ഒരു മഹത്തായ സ്മരണയാണ് ഇന്ത്യൻ കരസേനാ ദിനം. രാജ്യത്തെ സംരക്ഷിക്കുന്നതിൽ സുപ്രധാനമായ ദേശീയ സുരക്ഷയുടെയും ധൈര്യത്തിന്റെ ചുറുചുറുക്കിനെയും ഈ ദിവസം ഓർമിപ്പിക്കുന്നു.