ഇറാനിൽ പ്രക്ഷോഭം ശക്തം; ഇന്ത്യക്കാർ ഉടൻ രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസിയുടെ അടിയന്തര നിർദ്ദേശം


14, January, 2026
Updated on 14, January, 2026 23


ന്യൂഡൽഹി: ഭരണകൂട വിരുദ്ധ പ്രക്ഷോഭം അതിരൂക്ഷമായ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. നിലവിൽ ലഭ്യമായ വിമാന സർവീസുകളും മറ്റ് യാത്രാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തി സുരക്ഷിതമായി മടങ്ങാനാണ് എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രക്ഷോഭം രക്തരൂക്ഷിതമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നടപടി.


ഇറാനിൽ തുടരുന്നവർ പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്നും ജനക്കൂട്ടത്തിൽ നിന്നും പരമാവധി അകന്നു നിൽക്കണമെന്ന് എംബസി കർശന നിർദ്ദേശം നൽകി. അടിയന്തര സാഹചര്യങ്ങളിൽ അധികൃതരുമായി ആശയവിനിമയം നടത്തുന്നതിനായി പാസ്‌പോർട്ട് ഉൾപ്പെടെയുള്ള യാത്രാരേഖകൾ എപ്പോഴും കൈവശം വെക്കണം. താമസസ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ എംബസിയെ അറിയിക്കണമെന്നും അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.


ഇറാനിലുള്ള ഇന്ത്യക്കാരെ സഹായിക്കുന്നതിനായി എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും പുറത്തിറക്കിയിട്ടുണ്ട്. +98 9128109115, +98 9128109109, +98 9128109102, +98 9932179359 എന്നീ നമ്പറുകളിൽ അടിയന്തര സഹായത്തിനായി ബന്ധപ്പെടാവുന്നതാണ്. ഇന്റർനെറ്റ് നിരോധനം ഉൾപ്പെടെയുള്ള വെല്ലുവിളികൾ നിലനിൽക്കുന്നതിനാൽ, ലഭ്യമായ ആശയവിനിമയ മാർഗ്ഗങ്ങൾ ഉപയോഗിച്ച് എംബസിയിൽ രജിസ്റ്റർ ചെയ്യാനും നിർദ്ദേശമുണ്ട്.




Feedback and suggestions