13, January, 2026
Updated on 13, January, 2026 23
കോഴിക്കോട് : മീനും കൂട്ടി ചോറുണ്ണണമെങ്കിൽ ഇനി ചില്ലറക്കാശ് മതിയാവില്ല . മീൻ ലഭ്യത കുറഞ്ഞതോടെ ചിക്കന് പിന്നാലെ മീൻ വിലയും കുതിച്ചുയരുകയാണ്. സുലഭമായി ലഭിച്ചിരുന്ന ചെറിയ മത്തിയടക്കമുള്ള മീനുകൾക്ക് 50 മുതൽ 100 രൂപ വരെയായി വില. മീനുകൾ ആഴക്കടലിലേക്ക് നീങ്ങിയതാണ് ലഭ്യത കുറയാൻ പ്രധാന കാരണമായി മത്സ്യത്തൊഴിലാളികൾ പറയുന്നത്.
അയലയും മത്തിയും പേരിന് മാത്രമാണിപ്പോൾ ലഭിക്കുന്നത്. കിലോ 100 രൂപയ്ക്ക് വിറ്റിരുന്ന ചെറിയ മത്തി ഒരു കിലോ ലഭിക്കണമെങ്കിൽ 150-200 മുതൽ നൽകണം. (ഹാർബറുകളിലെ വില). ചില്ലറ വിൽപന മാർക്കറ്റുകളിലെത്തുമ്പോൾ 10, 20 രൂപയോളം പിന്നെയും കൂടും. നല്ല മത്തിക്ക് 200ൽ നിന്ന് 350 -400 ആയി. 250 രൂപയ്ക്ക് ലഭിച്ചിരുന്ന ചെറിയ അയലയ്ക്ക് പുതിയാപ്പ, ബേപ്പൂർ ഹാർബറുകളിൽ ഇന്നലെ വിറ്രു പോയത് 300-350 രൂപയ്ക്കാണ്. നെയ്മീന്‍, ആവോലി തുടങ്ങിയവയ്ക്ക് 1000 രൂപയ്ക്ക് അടുത്തായി വില. കേര, ചൂര, ചെമ്മീൻ തുടങ്ങിയവയുടെ വിലയും ഉയർന്നു. വലുപ്പത്തിനും ലഭ്യതയ്ക്കും അനുസരിച്ച് മീൻ വില തോന്നും പോലെയാണ്.