2022 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധമാണിപ്പോൾ ഇറാനിൽ നടക്കുന്നത് . അമേരിക്കയും ഇസ്രയേലും സംഘടിപ്പിക്കുന്ന സ്പോൺസേർഡ് കലാപം എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കേണ്ടി വരും. ഒരു യുദ്ധത്തിനുള്ള സാധ്യത ഇപ്പോൾ 100 ശതമാനമാണ്. അതിൽ തർക്കം വേണ്ട. അമേരിക്കൻ ടാങ്കർ വിമാനങ്ങൾ ഉൾപ്പെടെ ഖത്തറിലെ അമേരിക്കൻ താവളത്തിൽ എത്തിയതും, യുദ്ധത്തിനുള്ള അമേരിക്കയുടെ തയ്യാറെടുപ്പിൻ്റെ ഭാഗമാണ്. എന്നാൽ, ട്രംപിൻ്റെയും അമേരിക്കയുടെയും സകല അഹങ്കാരവും തീർക്കുന്ന ഒരു തിരിച്ചടി ഇറാനിൽ നിന്നും ലഭിക്കാനുളള സാധ്യത വളരെ കൂടുതലാണ്. ട്രംപ് ആക്രമിക്കണമെന്ന് പറയുമ്പോൾ അത് വേണമോ എന്ന് ശങ്കിക്കുന്ന ഒരു വിഭാഗം സെനറ്റർമാരും സൈനിക ജനറൽമാരും അമേരിക്കയിൽ ഉണ്ട് എന്നാണ് പ്രതിരോധ വിദഗദരെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാനെ അങ്ങനെയൊന്നും എളുപ്പത്തിൽ കീഴടക്കാൻ ഒരു രാജ്യത്തിനും കഴിയുകയില്ല. അതുകൊണ്ടാണ്, പർവതപ്രദേശങ്ങളും ആഴത്തിലുള്ള ഭൂഗർഭ “മിസൈൽ നഗരങ്ങളും” ഉള്ള ഇറാനെ ഒരു സങ്കീർണ്ണമായ സൈനിക ലക്ഷ്യമായി ലോക ശക്തികൾ തന്നെ കണക്കാക്കുന്നത്.
ഇറാന് ഒരു വിശാലമായ പ്രോക്സി നെറ്റ്‌വർക്ക് തന്നെ ലോകത്തുണ്ട്. അതിനെ ഇപ്പോഴും പൂർണ്ണമായി ഇല്ലാതാക്കാൻ ഇസ്രയേലിനും അമേരിക്കയ്ക്കും കഴിഞ്ഞിട്ടില്ല. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ പാത ഇറാൻ തടഞ്ഞാൽ, ലോക വ്യാപാരമാണ് സ്തംഭിക്കുക.അമേരിക്കയെ പോലുള്ള ഒരു രാജ്യത്തിന് ഇതൊക്കെ മറികടക്കാനുള്ള ശേഷിയില്ല എന്നതാണ് യാഥാർത്ഥ്യം.
ഇറാക്കിനെ മുൻ നിർത്തി ഇറാനെതിരെ വലിയ യുദ്ധം അമേരിക്ക മുൻപ് നടത്തിയിട്ടും ആ രാജ്യത്തെ വീഴ്ത്താൻ കഴിഞ്ഞിട്ടില്ലന്നത് നാം മറന്ന് പോകരുത്.ഇറാന്‍ സാഗ്രോസ്, അല്‍ബോര്‍സ് പര്‍വ്വതനിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഒരു രാജ്യമാണ്. ഇതൊരു ഭീമാകാരമായ പ്രകൃതിദത്ത മതിലുകളായാണ് പ്രവര്‍ത്തിക്കുന്നത്. ഈ ദുര്‍ഘടമായ ഭൂപ്രകൃതി, കരയിലൂടെയുള്ള ആക്രമണങ്ങളെ നിഷ്പ്രയാസം ചെറുക്കുവാൻ ഇറാനെ സഹായിക്കുന്നുണ്ട്. ഏതൊരു ആക്രമണ സേനയ്ക്കും, ഇറാന് എതിരെ കരയിലൂടെയുള്ള ആക്രമണം, ഇപ്പോഴും ഒരു പേടിസ്വപ്നം തന്നെയാണ്.ഇനി വ്യോമാക്രമണം ഉണ്ടായാലുള്ള കാര്യം പറയാം… ശത്രുവിൻ്റെ വ്യോമാക്രമണങ്ങളെ അതിജീവിക്കുന്നതിനായാണ് ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന് ഭൂമിക്കടിയിൽ വിപുലമായ “മിസൈൽ നഗരങ്ങളുള്ളത്. പരമ്പരാഗത ബോംബാക്രമണങ്ങളിൽ നിന്ന് ആയിരക്കണക്കിന് ബാലിസ്റ്റിക് മിസൈലുകളെ സംരക്ഷിക്കുന്നതിനായി പർവതങ്ങൾക്കടിയിൽ 500 മീറ്റർ വരെ ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്ന ഈ ഡിപ്പോകളെ, മുൻപ് ഇറാൻ സൈന്യം തന്നെ ലോകത്തിന് മുന്നിൽ തുറന്നു കാട്ടിയിട്ടുണ്ട്.
മിഡിൽ ഈസ്റ്റിലുടനീളമുള്ള ഇറാൻ്റെ നിഴൽ സേനകളുടെ ശൃംഖല വളരെ വിപുലമാണ്. ലെബനൻ, ഇറാഖ്, സിറിയ, യെമൻ എന്നിവിടങ്ങളിലെ വിവിധ ഗ്രൂപ്പുകൾക്കുള്ള ധനസഹായവും ആയുധവും നൽകുന്നതും ഇറാനാണ്.
ഇറാന്റെ ശക്തമായ പ്രതിരോധനിരയും ഇത്തരം പ്രാദേശിക ശക്തികളാണ്. ഹിസ്ബുള്ള, ഹൂത്തികൾ, ഇറാഖിലെ മിലിഷ്യകൾ തുടങ്ങിയ ഗ്രൂപ്പുകളും, യുദ്ധം പൊട്ടി പുറപ്പെട്ടാൽ, അമേരിക്കൻ താവളങ്ങൾ ആക്രമിക്കാൻ സാധ്യതയുണ്ട്. മിന്നൽ വേഗത്തിലാണ് ഇത്തരം ആക്രമണങ്ങൾ സംഭവിക്കുക.
അമേരിക്ക സെൻട്രൽ കമാൻഡിന്റെ കണക്കനുസരിച്ച്, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈൽ ശേഖരം ഇറാന്റെ കൈവശമാണുള്ളത്. 2,000 കിലോമീറ്റർ വരെ അകലെയുള്ള താവളങ്ങളെയും നഗരങ്ങളെയും ആക്രമിക്കാൻ കഴിവുള്ള കൃത്യതയുള്ള ആയുധങ്ങൾ ഈ ആയുധപ്പുരയിലുണ്ട്, ഇത് അമേരിക്കയെയും ഇസ്രയേലിനെയും ഒരു പോലെ ആശങ്കപ്പെടുത്തുന്നതാണ്. ഈ മിസൈൽ കരുത്ത് ആറ് മാസംമുൻപ് നേരിട്ട് അനുഭവിച്ചറിഞ്ഞത് കൊണ്ടാണ്, വെടിനിർത്തലിന് ഇസ്രയേൽ തയ്യാറായിരുന്നത്.
ലോകത്തിലെ എണ്ണയുടെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ വടക്കൻ തീരത്തെ ഇപ്പോഴും ഇറാനാണ് നിയന്ത്രിക്കുന്നത്. അതുകൊണ്ടു തന്നെ, ഒരു സംഘർഷമുണ്ടായാൽ, ഉടനടി ആഗോള സാമ്പത്തിക പ്രതിസന്ധിക്കാണ് കാരണമാകുക.വലിയ നാവികസേന കപ്പലുകൾക്ക് പകരം, മിസൈലുകളും ടോർപ്പിഡോകളും ഘടിപ്പിച്ച ചെറുതും വേഗതയേറിയതുമായ ആക്രമണ ബോട്ടുകളുടെ കൂട്ടത്തെയാണ് ഇറാൻ ഉപയോഗിക്കുന്നത്. ഗൾഫിലെ പരിമിതമായ ജലാശയങ്ങളിൽ വലുതും വിലയേറിയതുമായ ശത്രു യുദ്ധക്കപ്പലുകളുടെ പ്രതിരോധത്തെ മറികടക്കുന്നതിനാണ് ഇത്തരമൊരു തന്ത്രം ഇറാൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
റഷ്യയുടെ എസ്-300 സിസ്റ്റങ്ങളെ ബവാർ-373 പോലുള്ള ആഭ്യന്തര പതിപ്പുകളുമായി സംയോജിപ്പിക്കുന്ന സങ്കീർണ്ണമായ ഒരു വ്യോമ പ്രതിരോധ ശൃംഖലയാണ് ഇറാന് ആകാശ കവചം തീർക്കുന്നത്.റഷ്യയും ഇറാനും അടുത്തിടെ പ്രധാന സഹകരണ കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ടെങ്കിലും, അതൊരു സൈനിക കരാറല്ലാത്തതിനാൽ, റഷ്യൻ സൈന്യം ഇപ്പോഴത്തെ സാഹചര്യത്തിൽ നേരിട്ട് രംഗത്തിറങ്ങാൻ സാധ്യതയില്ല. എന്നാൽ, ഇറാൻ എന്ന രാജ്യത്തെ തകർക്കുന്ന രൂപത്തിലേക്ക് സംഘർഷം വളർന്നാൽ, പുടിൻ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണ്ണായകമാകും. ട്രംപിനെയും അമേരിക്കയെയും കയറൂരി വിടാൻ റഷ്യ തയ്യാറല്ലന്ന പ്രഖ്യാപനമാണ്, യുക്രൈയിനിലേക്ക് ഒറഷനിക്ക് മിസൈൽ ആയച്ചതിലൂടെ പുടിൻ നടത്തിയിരിക്കുന്നത്. ഇറാനിലേക്ക് മിസൈൽ തൊടുക്കും മുൻപും, അതു കൂടി അമേരിക്കയ്ക്ക് പരിഗണിക്കേണ്ടതായി വരും.