ബിജെപി സംസ്ഥാന ജനപ്രതിനിധി സമ്മേളനം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു


11, January, 2026
Updated on 11, January, 2026 31


തിരുവനന്തപുരം : ജനപ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിയുടെ മിഷൻ 2026 പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപി പിടിച്ചതിന് ശേഷം ഇതാദ്യമായാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി വരുമെങ്കിൽ പത്മനാഭ സ്വാമിക്ക് മുമ്പിൽ ദർശനം നടത്തി വണങ്ങുമെന്ന് പറഞ്ഞിരുന്നുവെന്നും ഇന്ന് അത് താൻ ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയ്യപ്പ വിഗ്രഹം സമ്മാനിച്ചാണ് ബിജെപി സംസ്ഥാനാധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തെ സ്വീകരിച്ചത്.


കേരളത്തിൽ താമര വിരിയിക്കുക എളുപ്പമായിരുന്നില്ല. ബിജെപിയുടെ കൈയിൽ ഭരണം ഇല്ലായിരുന്നു. ആകെ ഉണ്ടായിരുന്നത് ലക്ഷക്കണക്കിന് പ്രവർത്തകരുടെ ആത്മ സമർപ്പണമായിരുന്നു. കേരളത്തിൽ വലിയ വിജയമാണ് നേടിയത്. ലക്ഷ്യത്തിലേയ്ക്ക് ഇനിയും പടികളുണ്ട്. കേരളത്തിൽ ബിജെപി മുഖ്യമന്ത്രി ഉണ്ടാകണമെന്നതാണ് ലക്ഷ്യം. ദേശ ദ്രോഹികളിൽ നിന്നും കേരളത്തെ സംരക്ഷിക്കണം. വിശ്വാസത്തെ സംരക്ഷിക്കണം. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് മാത്രമേ ഇക്കാര്യങ്ങളെല്ലാം നടത്താൻ സാധിക്കൂ.


2047-ൽ വികസിത ഭാരതമാക്കി മാറ്റും. വികസിത കേരളത്തിലൂടെയേ അത് സാധ്യമാകൂ. കേരളത്തിലെ വികസനം നിലവിൽ സ്തംഭനാവസ്ഥയിലാണ്. എൽഡിഎഫും യുഡിഎഫും അഴിമതി അവസാനിപ്പിക്കുമെന്ന് പറയുമെങ്കിലും ഒന്നും ചെയ്യില്ല. വിശ്വാസം സംരക്ഷിക്കാൻ എൽഡിഎഫിനും യുഡിഎഫിനും സാധിക്കില്ല. ലോകം മുഴുവൻ കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതെയായി. കോൺഗ്രസ് ഇന്ത്യയിൽ ഇല്ലാതെയായി.



ഇന്ന് നിങ്ങൾ ശബരിമലയിൽ നിന്ന് കൊള്ളയടിച്ച സ്വർണം കേരളത്തിന് മാത്രമല്ല രാജ്യത്തെ വിശ്വാസ സമൂഹത്തെയാണ് ബാധിച്ചത്. എഫ്ഐആർ ഞാൻ കണ്ടു. പ്രതികളെ രക്ഷിക്കാൻ അതിൽ പഴുതുകളുണ്ട്. രണ്ട് മന്ത്രിമാർ ജനങ്ങൾക്ക് മുമ്പിൽ സംശയത്തിലാണ്. മുഖ്യമന്ത്രി എങ്ങനെയാണ് ആ രണ്ട് മന്ത്രിമാരെ ന്യായീകരിക്കുന്നത്? പിണറായി വിജയൻ ഒരു കാര്യം മനസ്സിലാക്കണം. നിഷ്പക്ഷ അന്വേഷണത്തിന് സർക്കാർ വഴങ്ങേണ്ടി വരും- അമിത് ഷാ പറഞ്ഞു.




Feedback and suggestions