Compensation for Fishermen Community
4, June, 2025
Updated on 4, June, 2025 26
![]() |
കൊച്ചി തീരത്തുണ്ടായ കപ്പല്‍ അപകടത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായി. സംസ്ഥാന ദുരന്തനിവാരണ നിധിയില്‍നിന്ന് 1000 രൂപവീതം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. താല്‍കാലിക ആശ്വാസം എന്ന നിലയിലാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനുള്ള നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിക്കഴിഞ്ഞു.
കപ്പല്‍ അപകടം മൂലം പ്രശ്‌നമുണ്ടായ തീരദേശങ്ങളിലുള്ള തൊഴിലാളികള്‍ക്കാണ് സഹായധനം പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലെ 78498 മത്സ്യബന്ധന കുടുംബങ്ങള്‍ക്കും 27020 മത്സ്യബന്ധന അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്കുമാണ് ധനസഹായം ലഭിക്കുക. ഒന്നരലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ആറുകിലോ അരിവീതവും നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.
രണ്ടാഴ്ചയായി കേരളത്തിലെ മത്സ്യബന്ധന മേഖല വലിയ തോതിലുള്ള തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കപ്പല്‍ അപകടത്തില്‍പെട്ടതിന് പിന്നാലെ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കുണ്ടായിരുന്നു. ഇതോടൊപ്പം ആളുകള്‍ ഭയത്താല്‍ മത്സ്യം വാങ്ങാത്ത സാഹചര്യവും നിലനിന്നിരുന്നു. ഇത്തരത്തില്‍ ജനങ്ങള്‍ കഷ്ടപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്.
കപ്പൽ അപകടത്തിൽ അർഹമായ നഷ്‌ടപരിഹാരം വാങ്ങിയെടുക്കലിനാണ് സർക്കാർ അടിയന്തിര പ്രാധാന്യം നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി നാശനഷ്‌ടം ശാസ്‌ത്രീയമായി തിട്ടപ്പെടുത്തും. മത്സ്യതൊഴിലാളികൾക്ക് എത്രയും വേഗം ജീവസന്ധാരണത്തിനുള്ള സാഹചര്യം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.