ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചുരുങ്ങൽ താൽക്കാലിക പ്രതിഭാസം മാത്രമെന്ന് എം വി ഗോവിന്ദൻ


11, January, 2026
Updated on 11, January, 2026 22


തിരുവനന്തപുരം : ഇന്ത്യയിലുടനീളം കമ്മ്യൂണിസ്റ്റ് പാർട്ടി ഒരുപാട് വെല്ലുവിളികൾ നേരിടുകയാണ്. ശക്തമായ വോട്ടുബലമുള്ള ഒരു ബൗദ്ധിക ശക്തികേന്ദ്രമായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ ചുരുങ്ങിപ്പോയി. പക്ഷെ അതൊരു താത്കാലിക പ്രതിഭാസം മാത്രമാണ്. തീവ്ര വലതുപക്ഷവും വർഗീയ ധ്രുവീകരണ ശക്തികളും ലോകത്ത് ശക്തിപ്പെട്ടു നിൽക്കുന്ന കാലമാണിത്. ആ കാലത്തിന്റെ ഭാഗമായിട്ടുണ്ടാകുന്ന പിന്നോട്ടടികളും പ്രശ്നങ്ങളും നമ്മൾ അഭിമുഘീകരിക്കും. എത്ര പിന്നാക്കം പോയാലും ഈ ആശയത്തിന്റെ ഗൗരവരമായ പശ്ചാത്തലത്തിൽ പാർട്ടിക്ക് മുന്നോട്ടേക്ക് വരാൻ കഴിയും," സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എംഎൽഎ പറഞ്ഞു.നാലാമത് നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കെഎൽഐബിഎഫ് ഡയലോഗ്സ് പരിപാടിയിൽ 'ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതഗാഥ' എന്ന വിഷയത്തിൽ എൻ പി ഉല്ലേഖുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

താത്കാലികമായി ഉണ്ടാകുന്ന വിജയമോ പരാജയമോ ആത്യന്തിക വിജയമാണെന്നോ അവസാന പരാജയമാണെന്നോ ഒരു കമ്മ്യൂണിസ്റ്റ് കരുതേണ്ടതില്ല. തുടർച്ചയായ ജയപരാജയങ്ങൾ ഉണ്ടാകും, അവയിലൂടെയാണ് ലോകം സാമൂഹ്യപരിവർത്തനത്തിലേക്ക് നീങ്ങുന്നതെന്നും ആ വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് ഒരു സാമൂഹ്യജീവിയായി കമ്മ്യൂണിസ്റ്റ് പ്രവർത്തിക്കുന്നതെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. സാമൂഹ്യപരിവർത്തനമാണ് കമ്മ്യൂണിസം. മുതലാളിത്ത പ്രതിസന്ധി ഇന്നല്ലെങ്കിൽ നാളെ അവസാനിപ്പിച്ചേ പറ്റൂ. സാമൂഹ്യവികാസം ഒരു വർഷം കൊണ്ടോ, ഒരു തലമുറ കൊണ്ടോ, രണ്ട് തലമുറ കൊണ്ടോ സംഭവിക്കുന്നതല്ല. ഇനിയും വർഷങ്ങൾ എടുത്തേക്കാം. പക്ഷേ ലോകവ്യാപകമായുള്ളചൂഷണം അവസാനിപ്പിക്കാതെ മനുഷ്യസമൂഹത്തിന് മുന്നോട്ട് പോകാൻ കഴിയില്ല. 

മനുഷ്യന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കാനാകുന്ന, ചൂഷണരഹിതമായ ഒരു സമൂഹത്തിലേക്കാണ് ഈ രാജ്യം, ഈ ലോകം, മാറുന്നത് എന്ന് ഉറച്ച വിശ്വാസമുള്ള ഒരു കമ്മ്യൂണിസ്റ്റിന് നിരാശയുടെ പ്രശ്നമില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക, തെറ്റായ എല്ലാറ്റിനോടും സന്ധിയില്ലാതെ സമരം ചെയ്യുക എന്നതായിരിക്കണം എല്ലാത്തിന്റെയും അടിസ്ഥാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൊറാഴയിലെ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ചുവളർന്ന തന്നെയും തന്റെ നിലപാടുകളെയും വാർത്തെടുത്തത് മൊറാഴയിലെ മണ്ണും രാഷ്ട്രീയ ചരിത്രവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. നാട്ടിലെ ലൈബ്രറിയിലൂടെ ‘മയിലാടുംകുന്ന്’പോലുള്ള നോവലുകളിൽ തുടങ്ങി ഒടുവിൽ ‘മൂലധനം’ ഉൾപ്പെടെയുള്ള മാർക്സിസ്റ്റ് ഗ്രന്ഥങ്ങളിലേക്ക് എത്തിയ വായനാപഥം. തുടർന്ന് കെഎസ്എഫുമായി ബന്ധപ്പെട്ട പഠനക്യാമ്പുകളും ഇഎംഎസ് അക്കാദമിയിലെ ക്ലാസുകളും തന്നെ ഗൗരവമുള്ള രാഷ്ട്രീയ–സാമൂഹിക പഠനത്തിലേക്ക് നയിച്ചതും അതിലൂടെ മാർക്സിസ്റ്റ് ചിന്തയെ സാധാരണക്കാർക്ക് ലളിതമായി എത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനായി വളർന്നതും അദ്ദേഹം പങ്കുവെച്ചു.



















Feedback and suggestions