10, January, 2026
Updated on 10, January, 2026 21
ആഗോള സമ്പദ്‌വ്യവസ്ഥയുടെ ജീവരക്തമായ എണ്ണയുടെയും വാതകത്തിന്റെയും നിഗൂഢമായ നിധിശേഖരത്തിന് മുകളിൽ അടയിരിക്കുന്ന ഇറാന്റെ കരുത്ത് വെറും ആയുധങ്ങളല്ല, മറിച്ച് അവരുടെ മണ്ണിലെ ഫോസിൽ ഇന്ധനങ്ങളുടെ അപാരമായ ശേഖരമാണ്. ദശകങ്ങളായി അമേരിക്കയും സഖ്യകക്ഷികളും ഉപരോധങ്ങളുടെ ചങ്ങലക്കെട്ടുകൾ കൊണ്ട് ഇറാന്റെ ശ്വാസം മുട്ടിക്കാൻ ശ്രമിക്കുമ്പോഴും, ആ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന ഈ രാജ്യം, തലകുനിക്കാൻ മടിക്കാത്ത പോരാട്ടവീര്യമുള്ളവരുടെ കൂടെ മണ്ണാണ്.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ശേഖരവും രണ്ടാമത്തെ വലിയ പ്രകൃതിവാതക ശേഖരവുമാണ് ഇറാന്റെ പക്കലുള്ളത്. ഏകദേശം 208 ബില്യൺ ബാരൽ അസംസ്കൃത എണ്ണയുമായി സൗദിക്കും വെനസ്വേലയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഇറാൻ, ലോക സമ്പദ്‌വ്യവസ്ഥയുടെ ദീർഘകാല ഊർജ്ജ സുരക്ഷയ്ക്ക് അനിവാര്യമായ രാജ്യമാണ്. എണ്ണയ്ക്ക് പുറമെ, 1,200 ട്രില്യൺ ക്യുബിക് അടിയിൽ കൂടുതൽ പ്രകൃതിവാതക ശേഖരം കൈവശമുള്ള ഇറാൻ, ഈ മേഖലയിൽ റഷ്യയ്ക്ക് തൊട്ടുപിന്നിലുണ്ട്.
ലോകത്തെ മൊത്തം വാതക വിതരണത്തിന്റെ 16 ശതമാനവും ഈ മണ്ണിൽ നിന്നാണെന്നത് ഇറാന്റെ ആഗോള പ്രാധാന്യം വിളിച്ചോതുന്നു. ഈ അപാരമായ സമ്പത്ത് തന്നെയാണ് അമേരിക്കയെ പ്രകോപിപ്പിക്കുന്നതും. കാരണം, ഇറാനെ വരുതിയിലാക്കുക എന്നാൽ ലോകത്തിന്റെ ഊർജ്ജ വിപണിയെ നിയന്ത്രിക്കുക എന്നതാണെന്ന് അമേരിക്കയ്ക്ക് നന്നായി അറിയാം.
ഇറാന്റെ ഏറ്റവും വലിയ ആയുധം അവരുടെ ഭൂമിശാസ്ത്രപരമായ സ്ഥാനമാണ്. ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഗതാഗത ചാനലായ ഹോർമുസ് കടലിടുക്കിന്റെ സിംഹഭാഗവും ഇറാന്റെ നിയന്ത്രണത്തിലാണ്. ആഗോള എണ്ണ ഉപഭോഗത്തിന്റെ ഏകദേശം 20 ശതമാനവും ദിവസവും ഈ ഇടുങ്ങിയ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്. ഒരു നിമിഷം ഇറാൻ മനസ്സ് വെച്ചാൽ ലോകത്തെ മുഴുവൻ ഇരുട്ടിലാക്കാൻ അവർക്ക് സാധിക്കും. ഈ ഭീഷണിയാണ് അമേരിക്കയെ എപ്പോഴും മുൾമുനയിൽ നിർത്തുന്നത്.
ഉപരോധങ്ങൾ വകവയ്ക്കാതെ ചൈനയുമായി തന്ത്രപരമായ സഖ്യമുണ്ടാക്കിയ ഇറാൻ, തങ്ങളുടെ എണ്ണയുടെ 90 ശതമാനവും ബീജിംഗിന് നൽകുന്നതിലൂടെ സാമ്പത്തിക ജീവനാഡി കാത്തുസൂക്ഷിക്കുന്നു. ഈ ബന്ധം ഇറാനെ അന്താരാഷ്ട്ര വേദിയിൽ ഒറ്റപ്പെടുത്താനുള്ള അമേരിക്കൻ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്.
എന്തുകൊണ്ടാണ് അമേരിക്ക ഇറാനെ ഇത്രയധികം ലക്ഷ്യം വെക്കുന്നത്? അമേരിക്കൻ ആധിപത്യത്തിന് വഴങ്ങാത്ത ഏതൊരു രാജ്യത്തെയും തകർക്കുക എന്നതാണ് ആ രാജ്യത്തിന്റെ നയം. എന്നാൽ ഇറാൻ ഒരു സാധാരണ രാജ്യമല്ല. 1980-കളിലെ 8 വർഷത്തത്തെ ഇറാൻ-ഇറാഖ് യുദ്ധകാലത്ത് പാശ്ചാത്യ രാജ്യങ്ങളുടെ സർവ്വ പിന്തുണയോടെ വന്ന സദ്ദാം ഹുസൈന്റെ സൈന്യത്തെ തനിച്ച് നേരിട്ട് പരാജയപ്പെടുത്തിയ ചരിത്രം ഇറാന്റെ പോരാട്ടവീര്യത്തിന് തെളിവാണ്. അന്ന് തോൽക്കാത്ത ഇറാൻ ഇന്നും തോൽക്കില്ലെന്ന് ലോകത്തിന് നന്നായി അറിയാം. ഉപരോധങ്ങളെ മറികടക്കാൻ ‘ഗ്രേ മാർക്കറ്റ്’ എന്ന പേരിൽ സങ്കീർണ്ണമായ ഒരു ശൃംഖല തന്നെ ഇറാൻ വികസിപ്പിച്ചിട്ടുണ്ട്. ട്രാക്കറുകൾ ഓഫ് ചെയ്ത ടാങ്കറുകൾ ഉപയോഗിച്ച് പ്രതിമാസം ദശലക്ഷക്കണക്കിന് ബാരൽ എണ്ണയാണ് ഇറാൻ ലോക വിപണിയിലെത്തിക്കുന്നത്. ഈ ധിക്കാരത്തിന് മുന്നിൽ അമേരിക്കൻ ഉപരോധങ്ങൾ വെറും കടലാസ് തുണ്ടുകളായി മാറുകയാണ്.
വിദേശ നിക്ഷേപവും സാങ്കേതികവിദ്യയും ലഭ്യമായാൽ ലോക എണ്ണ വിപണിയെ മുഴുവൻ പുനർനിർമ്മിക്കാൻ ശേഷിയുള്ള ഉറങ്ങിക്കിടക്കുന്ന ഭീമനാണ് ഇറാൻ. ഒപെക്കിന്റെ സ്ഥാപക അംഗമെന്ന നിലയിൽ, തങ്ങളുടെ ഉൽപ്പാദനം പൂർണ്ണ ശേഷിയിലേക്ക് ഉയർത്തിയാൽ ഒറ്റരാത്രികൊണ്ട് എണ്ണവില കുത്തനെ ഇടിയാൻ അത് കാരണമാകും. ഈ കരുത്ത് മനസ്സിലാക്കിക്കൊണ്ടാണ് അമേരിക്ക ഇറാനെ പിടികൂടാൻ ശ്രമിക്കുന്നത്. എന്നാൽ, സിംഹത്തെ അതിന്റെ മടയിൽ കയറി പിടിക്കാൻ നോക്കുന്ന അമേരിക്കൻ തന്ത്രങ്ങൾ ഓരോന്നായി പാളുകയാണ്. എന്നാൽ ഇറാനെന്ന എന്ന പടക്കുതിരയ്ക്ക് മൂക്കുകയറിട്ട് കളം പിടിക്കാനും ലോകത്തെ വിറപ്പിക്കാനും സാധിക്കുക എന്നത് ഇത്രയും കാലമായി ഒരു രാജ്യത്തിനും സാധിക്കാത്ത കാര്യമാണ്, ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നതിൽ സംശയമില്ല.