10, January, 2026
Updated on 10, January, 2026 22
തിരുവനന്തപുരം: ഇനി വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നവര്‍ക്ക് വലിയ വിലകൊടുക്കേണ്ടി വരും. വളര്‍ത്തുനായകളെ തെരുവില്‍ ഉപേക്ഷിക്കുന്നത് തടയാന്‍ തദ്ദേശ സ്വയംഭരണ വകുപ്പും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡും നീക്കങ്ങള്‍ തുടങ്ങി.
തെരുവ് നായ്ക്കളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനായി കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതു നടപ്പാക്കുന്നതിന്‍റെ ഭാഗമാണ് സര്‍ക്കാര്‍ നടപടി. പഞ്ചായത്ത് രാജ് ആക്ടിലും മുന്‍സിപ്പല്‍ ചട്ടത്തിലും ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതു പ്രകാരം വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്ന ഉടമകള്‍ക്ക് 5,000 രൂപ പിഴയും ആറ് മാസം വരെ തടവു ശിക്ഷയും ലഭിക്കും. നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് രാജ് നിയമത്തിലും കേരള മുനിസിപ്പാലിറ്റി നിയമത്തിലും പുതിയ 'റെസ്‌പോണ്‍സിബിള്‍ പെറ്റ് ഓണര്‍ഷിപ്പ്' വകുപ്പ് ഉള്‍പ്പെടുത്തും.
മൃഗങ്ങളെ അശ്രദ്ധമായി വളര്‍ത്തുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 291 ഉം സ്വീകരിക്കും. നിയമ ലംഘനങ്ങള്‍ക്ക് പിഴ, തടവ് അല്ലെങ്കില്‍ രണ്ടും ലഭിക്കാവുന്ന കുറ്റമാണിത്. ഇതുമായി ബന്ധപ്പെട്ട ഭേദഗതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഉടന്‍ തന്നെ നടപ്പിലാക്കുമെന്നും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗം ആര്‍ വേണുഗോപാല്‍ പറഞ്ഞു.
'വളര്‍ത്തുനായ്ക്കളെ ഉപേക്ഷിക്കുന്നത് സംസ്ഥാനത്ത് തെരുവ് നായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പിന്നിലെ ഒരു കാരണമാണ്. നായകള്‍ക്ക് ലൈസന്‍സിങ്ങും ആന്റി റാബിസ് വാക്‌സിനേഷനും നിര്‍ബന്ധമാക്കും, കൂടാതെ എല്ലാ വളര്‍ത്തുമൃഗങ്ങള്‍ക്കും മൈക്രോചിപ്പ് ഘടിപ്പിക്കും. ഉപേക്ഷിക്കപ്പെട്ട നായ്ക്കളുടെ ഉടമകളെ കണ്ടെത്താനും നിയമനടപടി സ്വീകരിക്കാനും ഇത് സഹായിക്കുമെന്നും' അദ്ദേഹം പറഞ്ഞു.
പെറ്റ് ഷോപ്പുകള്‍ക്കും ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കാനും സംസ്ഥാനം പദ്ധതിയിടുന്നുണ്ട്. കേന്ദ്ര നിയമങ്ങള്‍ നടപ്പിലാക്കാന്‍ മൃഗക്ഷേമ ബോര്‍ഡ് തീരുമാനിച്ചതായി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. രജിസ്‌ട്രേഷനും ലൈസന്‍സിങ്ങിനുമുള്ള അപേക്ഷാ ഫോമുകള്‍ മൃഗസംരക്ഷണ വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ആര്‍ വേണുഗോപാല്‍ പറഞ്ഞു.