ഇറാനിൽ പ്രക്ഷോഭം ശക്തം: ദുബായിൽ നിന്നും തുർക്കിയിൽ നിന്നുമുള്ള 25-ഓളം വിമാനങ്ങൾ റദ്ദാക്കി


9, January, 2026
Updated on 9, January, 2026 28


ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കെതിരെയുള്ള പ്രതിഷേധം ശക്തമായതിനെത്തുടർന്ന്, യുഎഇയിൽ നിന്നും തുർക്കിയിലേക്കുള്ള 25-ഓളം വിമാനങ്ങൾ റദ്ദാക്കി. ദുബായിൽ നിന്ന് തെഹ്‌റാൻ, ഷിറാസ്, മഷ്ഹദ് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ഫ്ലൈ ദുബായുടെ 20 വിമാനങ്ങളും ടർക്കിഷ് എയർലൈൻസിന്റെ ആറ് വിമാനങ്ങളുമാണ് റദ്ദാക്കിയത്. ദുബായ് എയർപോർട്ട് വെബ്‌സൈറ്റിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.


വിമാനങ്ങൾ റദ്ദാക്കിയതിന്റെ കൃത്യമായ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഇറാനിൽ ഏർപ്പെടുത്തിയിരിക്കുന്ന ഇന്റർനെറ്റ് നിരോധനവും വാർത്താവിനിമയ നിയന്ത്രണങ്ങളും ഇതിന് കാരണമായതായാണ് സൂചന. നിലവിൽ ഇറാനിലേക്ക് ഫോൺ കോളുകൾ ലഭിക്കുന്നില്ലെന്നും വാർത്താ വെബ്‌സൈറ്റുകൾ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.


കടുത്ത വിലക്കയറ്റത്തെത്തുടർന്ന് കഴിഞ്ഞയാഴ്ച ആരംഭിച്ച പ്രതിഷേധം ഇപ്പോൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. നാടുകടത്തപ്പെട്ട ഇറാൻ കിരീടാവകാശി റെസ പഹ്‌ലവി തെരുവിലിറങ്ങാൻ അനുയായികളോട് ആഹ്വാനം ചെയ്തതോടെ വെള്ളിയാഴ്ച പ്രതിഷേധം കൂടുതൽ അക്രമാസക്തമായി. പ്രതിഷേധക്കാർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് ആയത്തുള്ള അലി ഖമേനി ആരോപിച്ചു. പൊതുമുതൽ നശിപ്പിക്കുന്ന വിദേശികളുടെ കൂലിപ്പടയാളികളെ ഭരണകൂടം വെച്ചുപൊറുപ്പിക്കില്ലെന്നും ഖമേനി മുന്നറിയിപ്പ് നൽകി. 


പ്രതിഷേധക്കാരെ തൊട്ടാൻ ഇറാനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ട്രംപും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ബസ്സുകൾ, കാറുകൾ, ബാങ്കുകൾ, മെട്രോ സ്റ്റേഷനുകൾ എന്നിവ പ്രതിഷേധക്കാർ തീയിട്ട് നശിപ്പിക്കുന്ന ദൃശ്യങ്ങൾ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടു.  ഈ അക്രമങ്ങൾക്ക് പിന്നിൽ എതിർപക്ഷ ഗ്രൂപ്പായ പീപ്പിള്‍സ് മുജാഹ്ദിൻ ഓർഗനൈസേഷൻ ആണെന്ന് ഇറാൻ ആരോപിക്കുന്നു. അമേരിക്ക ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച് ഇതുവരെ 42 പേർ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെടുകയും 2,270-ലധികം പേർ തടവിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.




Feedback and suggestions