മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച ബെവ്‌കോ നടപടി; സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്


9, January, 2026
Updated on 9, January, 2026 31


കൊച്ചി: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച ബെവ്‌കോ നടപടിയിൽ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്. ബെവ്‌കോ വാര്‍ത്താക്കുറിപ്പ് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് നോട്ടീസ്. സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഹരജിയിലെ വാദം. പേരും ലോഗോയും ക്ഷണിച്ച് ബെവ്കോ പരസ്യം നൽകിയത് സംബന്ധിച്ച മീഡിയവൺ വാർത്ത കോടതിയിൽ ഹാജരാക്കി. പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു സര്‍ക്കാര്‍ പരസ്യം. മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനം നല്‍കാനായിരുന്നു ബെവ്കോ തീരുമാനം. കോട്ടയത്തുള്ള യൂത്ത് കോൺ​ഗ്രസ് നേതാവുൾപ്പെടെയാണ് ഹരജി നൽകിയത്.മത്സരം ഭരണഘടനവിരുദ്ധവും അബ്കാരി ആക്ടിന്‍റെ ലംഘനവുമാണെന്ന്​ ചൂണ്ടിക്കാട്ടി മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് മുഖ്യമന്ത്രിക്ക്​ പരാതി നൽകിയിരുന്നു. ബിവറേജസ് കോർപറേഷന്‍റെ മത്സരം റദ്ദാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള എല്ലാതരം പരസ്യങ്ങളും അബ്കാരി ആക്ടിലെ വകുപ്പ് 55-എച്ച് പ്രകാരം നിരോധിച്ചിട്ടുണ്ട്.




Feedback and suggestions