ആദ്യം വെടിവെയ്പ് പിന്നീട് ചര്‍ച്ച : ഗ്രീന്‍ലാന്‍ഡ് തര്‍ക്കം രൂക്ഷമാകുമ്പോള്‍ യുഎസിന് ഡെന്‍മാര്‍ക്കിന്റെ മുന്നറിയിപ്പ്


9, January, 2026
Updated on 9, January, 2026 29


വാഷിംഗ്ടണ്‍: ഡെന്മാര്‍ക്കിന്റെ അധീനതയിയുള്ള മേഖല ആരെങ്കിലും ആക്രമിച്ചാല്‍ കമാന്‍ഡര്‍മാരുടെ ഉത്തരവുകള്‍ക്കായി കാത്തിരിക്കാതെ സൈനികര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നു ഡെണ്‍മാര്‍ക്ക് പ്രതിരോധ മന്ത്രാലയം.


ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ യുഎസ് സൈനിക നടപടി ആലോചിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. 1952 ലെ ശീതയുദ്ധ കാലഘട്ടത്തിലെ ഉത്തരവു പ്രകാരം ഒരു വിദേശ സൈന്യം ഡാനിഷ് പ്രദേശത്തിന് ഭീഷണിയായാല്‍ ഉത്തരവുകള്‍ക്ക് കാത്തിരിക്കാതെ സൈന്യത്തിന് വെടിവെയ്ക്കാന്‍ അധികാരമുണ്ടെന്നു പ്രാദേശിക പത്രമായ ബെര്‍ലിംഗ്‌സ്‌കെ റിപ്പോര്‍ട്ട് ചെയ്തു.


ഡെന്‍മാര്‍ക്കിന്റെ അധീനതയിലുള്ള ഗ്രീന്‍ലാന്‍ഡിലേക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കണ്ണുവെച്ചിരിക്കുകയും ആവശ്യമെങ്കില്‍ ബലപ്രയോഗത്തിലൂടെ സ്വയംഭരണ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഡെണ്‍മാര്‍ക്ക് പ്രതിരോധ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. .


റഷ്യന്‍, ചൈനീസ് കപ്പലുകളുടെ സാന്നിധ്യം കാരണം ആര്‍ട്ടിക് പ്രദേശത്തെ ആധിപത്യത്തിനായി യുഎസ് ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡില്‍ സ്ഥാനം വേണമെന്നാണ് ട്രംപിന്റെ അവകാശവാദം. എന്നാല്‍ ഈ പ്രദേശം വില്‍പ്പനയ്ക്ക് വച്ചിട്ടില്ലെന്ന് ഡെന്‍മാര്‍ക്കും ഗ്രീന്‍ലാന്‍ഡും ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള ഏതൊരു സൈനിക ശ്രമവും നാറ്റോയുടെ അന്ത്യം കുറിക്കുമെന്ന് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെന്‍ ഈ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.




Feedback and suggestions