9, January, 2026
Updated on 9, January, 2026 25
വാശിംഗ്ടണ്‍: ഇറാനില്‍ ഭരണകൂടത്തിനെതിരേ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവര്‍ കൊല്ലെപ്പട്ടാല്‍ ഇറാന് കനത്ത തിരിച്ചടി നല്കുമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.പ്രതിഷേധക്കാരെ കൊല്ലുന്ന അവസ്ഥയുണ്ടായാല്‍ ശക്തമായ അമേരിക്കന്‍ ഇടപെടല്‍ ഉണ്ടാവുമെന്നു റേഡിയോ അവതാരകനായ ഹ്യൂ ഹെവിറ്റിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
ഇത് സൂചിപ്പിക്കുന്നതു ഇറാനുമേല്‍ വരും ദിവസങ്ങളില്‍ അമേരിക്ക കൂടുതല്‍ നീക്കങ്ങള്‍ നടത്താന്‍ സാധ്യതയെന്നാണ്. ഇറാനില്‍ പ്രതിഷേധം ആരംഭിച്ചതിനു പിന്നാലെ ഇന്റര്‍നെറ്റ് കണക്ഷനുകളും ടെലിഫോണ്‍ സേവനങ്ങളും വിച്ഛേദിക്കപ്പെട്ടു. രാജ്യത്ത് സാമ്പത്തീക പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെയാണ് ഇറാനില്‍ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങിയത്.
വ്യാഴാഴ്ച രാത്രി രാജ്യത്തെ പല മേഖലകളിലും ജനങ്ങള്‍ തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ചു. പ്രതിഷേധം വ്യാപിക്കുന്നതിന്റെ സൂചനയാണ് ഇത് വ്യക്കമാക്കുന്നത്. ബുധനാഴ്ചയും രാജ്യവ്യാപകമായി പലയിടത്തും പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടന്നിരുന്നു.
ഇതിനിടെ അമേരിക്ക ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇറാനില്‍ ഇതുവരെ കുറഞ്ഞത് 41 പേര്‍ കൊല്ലപ്പെടുകയും 2,270 ല്‍ അധികം ആളുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധം രൂക്ഷമായതോടെ ഇറാന്റെ സിവിലിയന്‍ സര്‍ക്കാരിനും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കും മേല്‍ സമ്മര്‍ദ്ദം കൂടി. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തടസപ്പെടുത്തിയത് ഇറാനിയന്‍ ഭരണകൂടമാണെന്നു ഇന്റര്‍നെറ്റ് കമ്പനിയായ ക്ലൗഡ്ഫ്‌ലെയര്‍ വ്യക്തമാക്കി. ‘സ്വേച്ഛാധിപതിക്ക് മരണം!’, ‘ഇസ്ലാമിക് റിപ്പബ്ലിക്കിന് മരണം!’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.