തിരുവല്ലയിൽ മുട്ട – ഇറച്ചി വില്പന നിരോധിച്ചു


28, December, 2025
Updated on 28, December, 2025 48


പത്തനംതിട്ട: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിൽ വളർത്തു പക്ഷികളുടെ മുട്ട, ഇറച്ചി എന്നിവയുടെ വിൽപന നിരോധിച്ചു. നിരണം, കടപ്ര, പെരിങ്ങര എന്നീ പഞ്ചായത്തുകളിലാണ് നിരോധനം. ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് താറാവ്, കോഴി, കാട മറ്റ് വളർത്തു പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവ ഇവിടങ്ങളിൽ വിൽക്കാൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു.നിരോധനം സംബന്ധിച്ച് ജില്ലാകളക്ടർ ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തും. രോഗബാധ കൂടുതൽ പക്ഷികളിലേക്ക് പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.


കൂടാതെ, പ്രാദേശികതലത്തിൽ ആരോഗ്യ പ്രവർത്തകർ പൊതുജനങ്ങളെ ബോധവാന്മാരാക്കും. ഗുരുതരമായി ന്യൂമോണിയ ബാധിച്ച ആളുകളുടെ സാമ്പിളുകൾ എടുത്ത് പരിശോധിക്കാനും ആരോഗ്യ വകുപ്പ് നിർദേശം നൽകി.


ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ തമിഴ്നാട് അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കോയമ്പത്തൂർ ജില്ലയുടെ അതിർത്തി മേഖലകളിൽ വാഹന പരിശോധനയും പ്രതിരോധ നടപടികളും ഊർജിതമാക്കാൻ അധികൃതർ തീരുമാനിച്ചു. വാളയാർ, വേലന്താവളം, മുള്ളി, ആനക്കട്ടി എന്നിവയ്‌ക്ക് പുറമെ പൊള്ളാച്ചിയിലെ അതിർത്തി പ്രദേശങ്ങളിലും വെറ്ററിനറി വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ചെക്‌പോസ്റ്റുകൾ തുറന്നിട്ടുണ്ട്.




Feedback and suggestions