28, December, 2025
Updated on 28, December, 2025 40
തൃശൂർ: കേരളത്തിൽ മീൻപിടിക്കുന്ന അപൂർവ ഇനത്തിലുള്ള എട്ടുകാലിയെ കണ്ടെത്തി. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ വയനാട് ജില്ലയിലെ ലക്കിടി, പെരിയ മേഖലകളിലെ മഴക്കാടുകളിലാണ് ഈ അപൂർവ ജീവിയെ കണ്ടെത്തിയത്.ഇന്ത്യയിൽ ആദ്യമായാണ് ഈ ഇനത്തിലുള്ള എട്ടുകാലിയെ രേഖപ്പെടുത്തുന്നത്.അരുവികളുടെ തീരങ്ങളിലും വെള്ളത്തിലേക്ക് വീണുകിടക്കുന്ന ഇലകളിലും മരച്ചില്ലകളിലും പാറകളിലുമാണ് ഇവ സാധാരണയായി ഇര തേടി കാത്തിരിക്കുന്നത്. വായിനോട് ചേർന്നുള്ള പ്രത്യേകതരം രോമങ്ങൾ വെള്ളത്തിലേക്ക് സ്പർശിപ്പിച്ചാണ് ഇരയുടെ സാന്നിധ്യം തിരിച്ചറിയുന്നത്. മീൻ അടുത്തെത്തുമ്പോൾ വെള്ളത്തിലേക്ക് ചാടുന്ന എട്ടുകാലി വല ഒട്ടിച്ചുവച്ച് കാലുകൾ ഉപയോഗിച്ച് ഇരയെ പിടികൂടും. തുടർന്ന് വലയിൽ തൂങ്ങി പഴയ സ്ഥാനത്തേക്ക് മടങ്ങി ഇര ചത്തതിന് ശേഷം ഭക്ഷണം ആരംഭിക്കുന്നതാണ് ഇവയുടെ പ്രത്യേകത.പീച്ചി വനഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞനായ ഡോ. ജിതു ഉണ്ണിക്കൃഷ്ണനും ഗവേഷകനായ സി.കെ. അർജുനും ചേർന്ന് വയനാട് വൈൽഡ് ഇക്കോ റിസോർട്ട് പരിസരത്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ലാബിൽ പ്രജനനം നടത്തി ഇവയുടെ ജീവിതചക്രവും ഗവേഷകർ പഠിച്ചു.10 മുതൽ 12 സെന്റീമീറ്റർ വരെ വലിപ്പമുള്ള ഈ എട്ടുകാലികൾ 4 മുതൽ 5 സെന്റീമീറ്റർ വരെ വലിപ്പമുള്ള മീനുകളെയാണ് ഇരയാക്കുന്നത്.
സാധാരണ ചിലന്തികളിൽ നിന്നു വ്യത്യസ്തമായ കണ്ണുകളാണ് ഇവയ്ക്കുള്ളത്. ‘ഫിഷിംഗ് സ്പൈഡേഴ്സ്’ എന്നറിയപ്പെടുന്ന ഈ ഇനത്തിന് ഇന്ത്യയിൽ നിന്നുള്ള ആദ്യ രേഖയെന്ന നിലയിൽ Dolomedes indicus എന്ന ശാസ്ത്രീയ നാമം നൽകി.
സ്ലോവേനിയയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയുമായി സഹകരിച്ചാണ് വർഗീകരണം പൂർത്തിയാക്കിയത്. ഈ പഠനം അന്താരാഷ്ട്ര ശാസ്ത്ര ജേർണലായ Nature Scientific Reports-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ കാലത്ത് പുതിയ ജീവികളെ കണ്ടെത്തുന്നത് ശാസ്ത്രലോകത്തിന് വലിയ നേട്ടമാണെന്ന് പീച്ചി വനഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാരിയർ പറഞ്ഞു.