27, December, 2025
Updated on 27, December, 2025 54
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പുതിയ സൈനിക ഉത്തരവുകൾ കൊറിയൻ ഉപദ്വീപിലും അന്താരാഷ്ട്ര തലത്തിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മിസൈൽ ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിക്കാനും കൂടുതൽ ആയുധ ഫാക്ടറികൾ യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മിക്കാനും അദ്ദേഹം ഉന്നത ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. ഉത്തരകൊറിയയുടെ ആക്രമണ ശേഷി വർധിപ്പിക്കുക എന്നതിലുപരി, അമേരിക്കയെയും ദക്ഷിണ കൊറിയയെയും ഒരേപോലെ സമ്മർദ്ദത്തിലാക്കാനും ആഗോളതലത്തിൽ തങ്ങളുടെ സൈനിക കരുത്ത് വിളിച്ചോതാനുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
മാത്രമല്ല ഉത്തരകൊറിയയുടെ അടുത്തകാലത്ത് ദീർഘദൂര-ഉയർന്ന കൃത്യതയുള്ള മിസൈൽ പരീക്ഷണങ്ങളിൽ ഉണ്ടായ വർധന രാജ്യത്തിന്റെ പ്രതിരോധ തന്ത്രത്തിലെ വലിയ മാറ്റമായി വിദഗ്ധർ വിലയിരുത്തുന്നു.
രാജ്യത്തിന്റെ ഈ നീക്കങ്ങൾ സാധാരണ പരീക്ഷണങ്ങളല്ലെന്ന നിലപാടിലാണ് വിശകലനവിദഗ്ധർ. ആക്രമണ ശേഷി വർധിപ്പിക്കുകയും അമേരിക്കയും ദക്ഷിണകൊറിയയും മുന്നറിയിപ്പായി നിലകൊള്ളുകയും ചെയ്യുക മാത്രമല്ല, റഷ്യയിലേക്ക് ആയുധ കയറ്റുമതിക്ക് മുൻപുള്ള പരിശോധനകളും ഉത്തരകൊറിയ നടത്തുന്നുണ്ടെന്ന അഭിപ്രായമാണ് സുരക്ഷാ നിരീക്ഷകരുടേത്. യുദ്ധോപകരണ ഫാക്ടറികളിൽ നടത്തിയ സന്ദർശനത്തിനിടെ, വരാനിരിക്കുന്ന വർഷം തിരക്കേറിയതും നിർണായകവുമാകുമെന്നും, മിസൈലുകളും ആർട്ടിലറി ഷെല്ലുകളും വലിയ തോതിൽ നിർമ്മിക്കാൻ വ്യവസായശേഷി ഉയർത്തേണ്ടതുണ്ടെന്നും കിം വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
റഷ്യ–ഉത്തരകൊറിയ ബന്ധം: ആയുധങ്ങളുടെയും സാങ്കേതികതയുടെയും കൈമാറ്റം
യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം കുതിച്ചുയർന്നു. പീരങ്കി ഷെല്ലുകൾ, ടാക്റ്റിക്കൽ മിസൈലുകൾ, ദീർഘദൂര റോക്കറ്റ് സിസ്റ്റങ്ങൾ എന്നിവ റഷ്യയ്ക്കായി ഉത്തരകൊറിയയിലൂടെ ലഭിച്ചതായും, അതിന് മറുപടിയായി മോസ്കോ സാമ്പത്തിക സഹായം, ഊർജ്ജ വിതരണം, സൈനിക സാങ്കേതികവിദ്യകൾ, തീർന്നു പോകുന്ന ഭക്ഷ്യവിതരണത്തിനുള്ള പിന്തുണ എന്നിവ വാഗ്ദാനം ചെയ്യുന്നതായും വിദഗ്ധർ സൂചിപ്പിക്കുന്നു. അമേരിക്ക ഇതിനോടകം തന്നെ ഈ സഹകരണം അന്താരാഷ്ട്ര സുരക്ഷയ്ക്കുള്ള ഭീഷണിയാണെന്ന് മുന്നറിയിപ്പ് നൽകുകയും റഷ്യ ഉത്തരകൊറിയയെ ഉപഗ്രഹ സാങ്കേതികവിദ്യകളിലൂടെ സഹായിക്കുന്നുവെന്ന് രേഖപ്പെടുത്തുകയും ചെയ്തു.
മിസൈൽ–ഉപഗ്രഹ സാങ്കേതിക അധിഷ്ഠാനം: അടുത്ത ലക്ഷ്യം ദീർഘദൂര ശക്തി
ICBM പദ്ധതികളിൽ ഉത്തരകൊറിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്നും, വരാനിരിക്കുന്ന വർഷം ഈ വികസനം കൂടുതൽ വേഗതയോടെ മുന്നോട്ട് പോകാനാണ് സാധ്യതയെന്നും ഗവേഷകൻ ആൻ ചാൻ-ഇൽ അഭിപ്രായപ്പെട്ടു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും ഉപഗ്രഹ വിക്ഷേപണ സാങ്കേതികവിദ്യകളും ഒരേ അടിസ്ഥാന പ്ലാറ്റ്‌ഫോമിൽ നിന്ന് വളരുന്നവയാണെന്നതിനാൽ, ഇരു മേഖലകളിലെയും പുരോഗതി പരസ്പരം ആശ്രിതമാകുന്നു. റഷ്യയിലേക്ക് കയറ്റുമതി ചെയ്യാനാകുന്ന ഇടത്തരം മിസൈൽ സിസ്റ്റങ്ങൾ പരീക്ഷിക്കാനും ഉത്പാദിപ്പിക്കാനുമുള്ള ശ്രദ്ധ രാജ്യത്തെ കൂടുതൽ ദിശാബദ്ധമാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആണവസബ്‌മറൈൻ പദ്ധതി
ദക്ഷിണകൊറിയ അമേരിക്കൻ പിന്തുണയോടെ ആണവശേഷിയുള്ള അന്തർവാഹിനികൾ നിർമ്മിക്കുമെന്ന് സൂചന ലഭിച്ചതിനു പിന്നാലെയാണ് കിം ഒരു സബ്‌മറൈൻ ഫാക്ടറി സന്ദർശിച്ചത്. “ഭീഷണികൾക്ക് മറുപടി നൽകാൻ ഉത്തരകൊറിയ തയ്യാറാണ്” എന്ന സന്ദേശം ആ സന്ദർശനം നൽകുന്നതായി വിദഗ്ധർ വിലയിരുത്തുന്നു. “പുതിയ അണ്ടർ വാട്ടർ സ്റ്റീൻത് ആയുധങ്ങൾ” സംബന്ധിച്ച റിസർച്ച് റിപ്പോർട്ടുകളിൽ പരാമർശിക്കപ്പെടുന്നത്, ഭാവിയിൽ സമുദ്രതട പ്രതിരോധം ഉത്തരകൊറിയയുടെ പ്രധാന തന്ത്രമാകുമെന്ന് സൂചിപ്പിക്കുന്നു.
പുതിയ മിസൈൽ ടെസ്റ്റ്; പാർട്ടി കോൺഗ്രസിൽ വൻ പ്രഖ്യാപനങ്ങൾ?
ജപ്പാൻ കടലിന് മുകളിലൂടെ അത്യാധുനികമായ ഒരു ദീർഘദൂര വ്യോമപ്രതിരോധ (Air-Defense) മിസൈൽ ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ചു. ഭരണാധികാരി കിം ജോങ് ഉൻ നേരിട്ടെത്തിയാണ് ഈ പരീക്ഷണത്തിന് മേൽനോട്ടം വഹിച്ചത്. ശത്രുരാജ്യങ്ങളുടെ വിമാനങ്ങളെയും മിസൈലുകളെയും ആകാശത്തുവെച്ച് തന്നെ തകർക്കാനുള്ള ഉത്തരകൊറിയയുടെ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ഈ പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം.
ഇതോടൊപ്പം തന്നെ രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഒരു ‘മാസ്റ്റർ പ്ലാൻ’ തയ്യാറാക്കാൻ കിം ജോങ് ഉൻ ഉത്തരവിട്ടു. 2026-ന്റെ തുടക്കത്തിൽ നടക്കുന്ന പാർട്ടി സമ്മേളനത്തിൽ ഈ പുതിയ പദ്ധതി അദ്ദേഹം അവതരിപ്പിക്കും. വരും വർഷങ്ങളിൽ അത്യാധുനിക മിസൈലുകൾക്കും ആണവ അന്തർവാഹിനികൾക്കുമായിരിക്കും (Submarines) ഉത്തരകൊറിയ മുൻഗണന നൽകുന്നത്. അമേരിക്കയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള ഭീഷണികളെ നേരിടാൻ സൈന്യത്തെ പൂർണ്ണമായും സജ്ജമാക്കുകയാണ് കിമ്മിന്റെ ലക്ഷ്യം.