26, December, 2025
Updated on 26, December, 2025 44
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ സുരക്ഷാ സമവാക്യങ്ങളെ മാറ്റിമറിച്ചുകൊണ്ട്, വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ISIS) കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയത് ലോക രാജ്യങ്ങൾക്കിടയിൽ പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. ക്രിസ്മസ് ദിനത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് പ്രഖ്യാപിച്ച ഈ സൈനിക നീക്കമാണ് , അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്. നൈജീരിയയിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ തീവ്രവാദി അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ ‘മാരകമായ’ ആക്രമണമെന്ന് ട്രംപ് അവകാശപ്പെടുന്നു.
വർഷങ്ങളായി മേഖലയിൽ ഭീതി പടർത്തുന്ന ഐഎസ്ഐഎസ് സഹേൽ പ്രവിശ്യയിലെ (ISSP) ഭീകരരെ ലക്ഷ്യം വെച്ചായിരുന്നു അമേരിക്കൻ ആഫ്രിക്ക കമാൻഡിന്റെ (AFRICOM) നടപടി. നൈജീരിയൻ സർക്കാരുമായി ഏകോപിപ്പിച്ചാണ് ആക്രമണം നടന്നതെന്ന് പെന്റഗൺ വ്യക്തമാക്കുമ്പോഴും, ട്രംപിന്റെ പ്രസ്താവനയിലെ മതപരമായ ഊന്നൽ നൈജീരിയൻ ഭരണകൂടത്തിനിടയിൽ നേരിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. തീവ്രവാദം ഒരു പ്രത്യേക മതത്തെ മാത്രം ലക്ഷ്യം വെക്കുന്നതല്ലെന്നും, മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരുപോലെ അക്രമത്തിനിരയാകുന്നുണ്ടെന്നുമാണ് നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബുവിന്റെ നിലപാട്.
നൈജിരിയയുമായി അതിർത്തി പങ്കിടുന്ന സൊകോട്ടോ സംസ്ഥാനത്തിലെ രണ്ട് ഐഎസ് ക്യാമ്പുകളാണ് പ്രധാന ലക്ഷ്യമായിരുന്നതെന്നും നിരവധി തീവ്രവാദികളെ ആക്രമണത്തിൽ വധിച്ചുവെന്നും അമേരിക്കൻ സൈനിക വിഭാഗം വ്യക്തമാക്കി. ലൊക്കലായി ലകുരാവ എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് സഹേൽ പ്രൊവിൻസ് (ISSP) വിഭാഗമാണ് പ്രധാനമായും ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ വർഷം മുതലുള്ള വടക്കൻ നൈജീരിയൻ സംസ്ഥാനങ്ങളിലെ കലാപങ്ങളും ഗ്രാമങ്ങളെ ലക്ഷ്യമിട്ട തീവ്രവാദ ആക്രമണങ്ങളും ഈ ഗ്രൂപ്പിനെ ആഗോള ചർച്ചയിലേക്കുയർത്തിയിരുന്നു.
ക്രിസ്ത്യാനികൾക്കെതിരായ കൂട്ടക്കൊല തുടർന്നാൽ നരകയാതന അനുഭവിക്കേണ്ടിവരും,” എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചു. അമേരിക്കയുടെ നേതൃത്വത്തിൽ ‘മികച്ചും കൃത്യമായ’ വ്യോമാക്രമണങ്ങളാണുണ്ടായതെന്നതും, ക്രിസ്ത്യൻ സമൂഹത്തെ സംരക്ഷിക്കാനുള്ള ഇടപെടലാണിത് എന്നും അദ്ദേഹം വ്യക്തമാക്കി. “മരിച്ച തീവ്രവാദികൾ ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ,” എന്ന അദ്ദേഹത്തിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വേദികളിലും ശക്തമായ പ്രതികരണങ്ങൾ സൃഷ്ടിച്ചു.
എന്നാൽ, ക്രൈസ്തവർക്കെതിരെയാണ് ആക്രമണങ്ങൾ കേന്ദ്രീകൃതമെന്ന് അമേരിക്ക വാദിക്കുന്ന സാഹചര്യത്തിൽ നൈജീരിയൻ സർക്കാർ വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. തീവ്രവാദികൾ ഒരു മതവിഭാഗത്തെയും പ്രത്യേകിച്ച് ലക്ഷ്യമിടുന്നില്ലെന്നും, ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ഒരുപോലെ ആക്രമിക്കപ്പെടുന്നുണ്ടെന്നും നൈജീരിയ ഔദ്യോഗികമായി പ്രതികരിച്ചു.
അതേസമയം, നൈജീരിയൻ സർക്കാരിന്റെ അഭ്യർ്ഥന പ്രകാരമാണ് അമേരിക്ക ഇടപെടലുണ്ടായതെന്ന് AFRICOM ആദ്യം പ്രസ്താവിച്ചിരുന്നെങ്കിലും, പിന്നീട് ഇത് പോസ്റ്റിൽ നിന്ന് നീക്കം ചെയ്യപ്പെട്ടുവെന്ന് CNN റിപ്പോർട്ട് ചെയ്തു. എന്നാൽ നൈജീരിയൻ വിദേശകാര്യ മന്ത്രാലയംഅമേരിക്കയുമായുള്ള ‘ഘടനാപരമായ സുരക്ഷാ സഹകരണം’ തുടരുമെന്ന് വ്യക്തമാക്കി. പ്രദേശത്ത് സായുധ ഗ്രൂപ്പുകളുടെ ശക്തിയും ക്രൂശീകരണങ്ങൾ പോലുള്ള ക്രൂരതകളും കഴിഞ്ഞ വർഷങ്ങളിൽ വർധിച്ചതോടെ നൈജീരിയ സർക്കാർ ഏറെ സമ്മർദ്ദത്തിലായിരുന്നു.
എന്തുകൊണ്ടാണ് അമേരിക്ക ഇടപെട്ടത്?
മാസങ്ങളായി റിപ്പബ്ലിക്കൻ നേതാക്കളും ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ കൂട്ടായ്മകളും നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരായ വംശഹത്യ നടക്കുന്നതായി ആരോപിച്ചു വരികയായിരുന്നു. നൈജീരിയയെ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ആക്ട് പ്രകാരം “പ്രത്യേക ആശങ്കാജനകമായ രാജ്യം” എന്ന വിഭാഗത്തിലേക്ക് മാറ്റാനും അദ്ദേഹം തീരുമാനിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് പെന്റഗണിനോട് “ഉചിത നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങാൻ” ട്രംപ് നേരത്തെ ഉത്തരവിട്ടിരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അമേരിക്ക റീക്കണസൻസ് വിമാനങ്ങൾ നവംബർ മുതൽ നൈജീരിയയിലെ വടക്കൻ മേഖലകളിൽ നിരീക്ഷണം നടത്തിവരികയായിരുന്നു. ആ പദ്ധതിയുടെ ഒരു തുടർച്ചയായി തന്നെയാണ് ഡിസംബർ 25-ലെ വ്യോമാക്രമണം എന്നും വിദഗ്ധർ വിലയിരുത്തുന്നു.
നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയിലാണ് ഏറ്റവും കൂടുതൽ അക്രമസംഭവങ്ങൾ റിപ്പോർട്ടായിട്ടുള്ളത്. ബോക്കോ ഹറാം, ISSP, JNIM പോലുള്ള സംഘങ്ങൾ വർഷങ്ങളായി പള്ളികൾ ആക്രമിക്കുകയും, കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ഗ്രാമങ്ങൾ കത്തിക്കുകയും ചെയ്തിട്ടുണ്ട്. വിലയിരുത്തലുകൾ പ്രകാരം ഈ ആക്രമണങ്ങളിൽ മരിച്ചത് മുസ്ലീങ്ങൾ കൂടുതൽ ആയിരുന്നു എന്നതാണ് മനുഷ്യാവകാശ സംഘടനകളുടെ വിലയിരുത്തൽ. അതിനാൽ, ആക്രമണം മതപരമായി ഏകദേശ നിർവചിക്കാൻ സാധിക്കില്ല എന്നതാണ് വിദഗ്ധരുടെ അഭിപ്രായം.
നൈജീരിയയിൽ നിന്നുള്ള ഈ പുതിയ സംഭവവികാസങ്ങൾ ഒരു കാര്യം അടിവരയിടുന്നു, സൈനിക നടപടികൾ തീവ്രവാദികളുടെ ആക്രമണശേഷിയെ താൽക്കാലികമായി തളർത്തിയേക്കാമെങ്കിലും, രാഷ്ട്രീയ തലപ്പത്തുനിന്നുണ്ടാകുന്ന തീവ്രമായ മത-രാഷ്ട്രീയ പ്രസ്താവനകൾ മേഖലയിൽ പുതിയ വിള്ളലുകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. തീവ്രവാദത്തെ വെറും മതപരമായ കണ്ണിലൂടെ മാത്രം നോക്കിക്കാണുന്ന അമേരിക്കൻ നിലപാട്, നൈജീരിയയിലെ സങ്കീർണ്ണമായ സാമൂഹിക സാഹചര്യങ്ങളിൽ കൂടുതൽ ധ്രുവീകരണത്തിന് വഴിമരുന്നിടുമോ എന്ന ഭയം സുരക്ഷാ വിദഗ്ധർ പങ്കുവെക്കുന്നു.
സഹേൽ മേഖലയിലെ (Sahel Region) ഭീകരസംഘടനകൾക്കെതിരായ പോരാട്ടം ഇപ്പോൾ നിർണ്ണായകമായ ഒരു ഘട്ടത്തിലാണ്. അമേരിക്കയുടെ ഈ നേരിട്ടുള്ള കടന്നുകയറ്റം മേഖലയിൽ ഒരു ശാശ്വത പരിഹാരമാകുമോ, അതോ താൽക്കാലികമായ ഒരു ശക്തിപ്രകടനം മാത്രമാണോ എന്നത് ഇനിയും വ്യക്തമാകേണ്ടതുണ്ട്. അമേരിക്കയുടെ ഈ നേരിട്ടുള്ള ഇടപെടൽ ആഫ്രിക്കയിലെ തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കമിടുമോ അതോ പ്രാദേശികമായ മതധ്രുവീകരണത്തിന് ആക്കം കൂട്ടുമോ എന്നതാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.