26, December, 2025
Updated on 26, December, 2025 5
ന്യൂയോർക്ക്: ലോകത്തിന്റെ വിനോദസഞ്ചാര കേന്ദ്രമായ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ക്രിസ്മസ് ദിനത്തിൽ പ്രത്യക്ഷപ്പെട്ട ഒരു ഡിജിറ്റൽ ബിൽബോർഡ് വലിയ സംവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെക്കുകയാണ്. “യേശു പലസ്തീനിയാണ്” എന്ന വാചകമാണ് പച്ച പശ്ചാത്തലത്തിൽ കറുത്ത അക്ഷരങ്ങളിൽ ബിൽബോർഡിൽ പ്രദർശിപ്പിച്ചത്.
ക്രിസ്മസ് ആഘോഷങ്ങൾക്കായി ടൈംസ് സ്ക്വയറിൽ ഒത്തുകൂടിയ വിനോദസഞ്ചാരികളിൽ നിന്നും നാട്ടുകാരിൽ നിന്നും സമിശ്ര പ്രതികരണമാണ് ഈ സന്ദേശത്തിന് ലഭിക്കുന്നത്. പലരും ഇതിനെ “വിഭജനമുണ്ടാക്കുന്നതും” “പ്രകോപനപരവുമാണ്” എന്ന് വിശേഷിപ്പിച്ചു. യേശുവിനെ ഒരു സാർവത്രിക മതപുരുഷനായി കാണുന്നതിന് പകരം വംശീയമായോ ദേശീയമായോ തരംതിരിക്കുന്നത് അനാവശ്യമാണെന്ന് ചില വിനോദസഞ്ചാരികൾ അഭിപ്രായപ്പെട്ടു. അമേരിക്കൻ-അറബ് ആന്റി-ഡിസ്ക്രിമിനേഷൻ കമ്മിറ്റി (ADC) ആണ് ഈ സന്ദേശത്തിന് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, അറബ്-മുസ്ലീം ശബ്ദങ്ങളെ അമേരിക്കയിൽ അരികുവൽക്കരിക്കുന്നതിനെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമാണിതെന്ന് എഡിസി (ADC) നാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ അഡെബ് അയൂബ് പറഞ്ഞു. ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ ആരോഗ്യകരമായ സംഭാഷണങ്ങൾ തുടങ്ങാനാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലും ഈ വിഷയം വലിയ ചർച്ചയായിട്ടുണ്ട്. ചിലർ ഇതിനെ “ചിന്തോദ്ദീപകമായ സന്ദേശം” എന്ന് പിന്തുണച്ചപ്പോൾ, മറ്റുചിലർ ക്രിസ്മസ് സമയത്തെ ഇത്തരമൊരു പ്രചാരണത്തെ വിമർശിച്ചു.
വിവാദം കൊഴുക്കുന്നതിനിടെ, പഴയ സന്ദേശം മാറ്റി മുൻ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ പ്രസിദ്ധമായ വാക്കുകൾ ഉൾപ്പെടുത്തി പുതിയ ബിൽബോർഡ് എഡിസി സ്ഥാപിച്ചു. “യേശു പറയും: ഈ മതിൽ പൊളിക്കൂ” (Jesus would say: Tear down this wall) എന്നാണ് പുതിയ സന്ദേശം. ബെർലിൻ മതിലിനെക്കുറിച്ചുള്ള റീഗന്റെ പരാമർശത്തെ ഇസ്രയേൽ-പലസ്തീൻ അതിർത്തിയിലെ സുരക്ഷാ മതിലുമായി ബന്ധിപ്പിച്ചാണ് ഈ പുതിയ പ്രചാരണം. പുതുവത്സരത്തോടനുബന്ധിച്ച് കൂടുതൽ സന്ദേശങ്ങൾ ടൈംസ് സ്ക്വയറിൽ പ്രദർശിപ്പിക്കുമെന്നും സംഘടന അറിയിച്ചു.